Monday, October 28, 2013

ഗ്രാവിറ്റി (3D) യിൽ ബാക്കിയാവുന്നത് ...



ഭൌമേതര കാഴ്ചകളും പര്യവേഷണങ്ങളും മനുഷ്യ കുലത്തിന് എന്നും
ജിജ്ഞാസകളുടേയും കൌതുകങ്ങളുടേയും വാക്കുകൾക്കതീതമായ
വിസ്മയങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്. താൻ അധിവസിക്കുന്ന, ജീവൻ
എന്ന അമൂല്യ പ്രതിഭാസം ഉൾക്കൊള്ളുന്ന ഈ ഭൂമി വിട്ട് മനുഷ്യനെ
ഭൌമാന്തരങ്ങൾക്കപ്പുറത്തെ പര്യവേഷകനാക്കിയത് ഈ നീല
ഗ്രഹത്തെപ്പോലെ അല്ലെങ്കിൽ അതിനേക്കാളേറെ ജീവനനുയോജ്യമായ
മറ്റു ഗ്രഹങ്ങൾ കണ്ടെത്തുന്നതിലാണ്.

  'ഗ്രാവിറ്റി' എന്ന സിനിമ, തിരഞ്ഞെടുത്ത പ്രമേയം കൊണ്ട്  അതും
3D യിൽ ഒരു ദ്രൃശ്യ വിരുന്ന് ഒരുക്കിയെന്ന് നിസ്സംശയം പറയാം.
ഭൂമിയിൽ നിന്നും ഏറെയൊന്നും അകലെയല്ലാത്ത എന്നാൽ
വായുമണ്ഡലം തീരെയില്ലാത്ത ശൂന്യാകാശത്തിൽ വിക്ഷേപിച്ച
ബഹിരാകാശ വാഹനത്തിൽ ഭൂമിയിൽനിന്നുള്ള
നിർദ്ദേശങ്ങൾക്കനുസരിച്ച് ആ ഭീമാകാര നിലയത്തിൽ അറ്റകുറ്റപ്പണികൾ
ചെയ്തുകൊണ്ടിരിക്കുന്ന പര്യവേഷകരും അവരുടെ ഒഴുകി നടക്കലും
ഒരു സാധാരണ കഴ്ച്ചക്കാരനെ ദ്രൃശ്യ വിസ്മയത്തിലാറാടിക്കും ;
തീർച്ച . ഇത്തരം കാഴ്ചകൾക്കുമപ്പുറത്താണ് നീല നിറത്തിൽ കുളിച്ച്
മേഘ സാന്ദ്രതയിൽ ഒരുപാട് നിഗൂഢ വിസ്മയങ്ങൾ ഒളിപ്പിച്ച് ,
'അദ്രൃശ്യ' ശക്തിയുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് സ്വയം പ്രദക്ഷിണം
വെക്കുന്ന ഭൂമിയുടെ പശ്ചാത്തല ദ്രൃശ്യങ്ങൾ ..

 ഒരു ദ്രൃശ്യ വിസ്മയം എന്നതിലുപരി ഗ്രാവിറ്റിയെന്ന സിനിമ
ഓർമ്മപ്പെടുത്തുന്ന ചില കാര്യങ്ങളുണ്ട് ..

*  ഭൌതികതയെന്ന വ്യവസ്ഥാപിത ചുറ്റുപാടിൽ നിന്നും ഒരാൾ
ശൂന്യാകാശത്തിലെത്തപ്പെടുന്നു, അനന്തമായ പ്രപഞ്ചം അതിനുമപ്പുറത്ത്
ശത കോടി നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉൾക്കൊള്ളുന്ന
എണ്ണിയാലൊടുങ്ങാത്ത ഗ്യാലക്സികൾ തീർച്ചയായും അയാളുടെ
കാഴ്ചപ്പാടുകളെ തീർച്ചയായും മാറ്റിമറിക്കില്ലേ ?.. പരീക്ഷണങ്ങളെ
നേരിടുന്ന സാന്ത്രാ ബുള്ളൊക് അവതരിപ്പിക്കുന്ന കഥാപാത്രം 
 ഈ പ്രപഞ്ചത്തിന്റെ ചലനങ്ങളെ നിയന്ത്രിക്കുന്ന ആ അദ്രൃശ്യ ശക്തിയിൽ 
ഒരിക്കലെങ്കിലും എല്ലാം സമർപ്പിക്കുന്നുണ്ട് .

* അടുത്തത്  വരും കാലത്ത് ഭൂമി നിവാസികൾ നേരിടേണ്ടി വരുന്ന
ഒരു ദുരന്തമാണ് .ഓരോ രാജ്യവും അവരവരുടെ അതിരുകളില്ലാത്ത
 ശൂന്യാകാശമെന്ന  ലോകത്ത് അധീശത്വം സ്ഥാപിക്കാൻ വിക്ഷേപിക്കുന്ന
ഉപഗ്രഹങ്ങളും മറ്റും സ്പേസിനെ ഒരു മാലിന്യക്കൂമ്പാരമാക്കി
മാറ്റിക്കൊണ്ടിരിക്കുന്നു. അതിനു പുറമേ കാലാവധി കഴിഞ്ഞ
ഉപഗ്രഹങ്ങളും മറ്റും ഭൂമിയിൽ നിന്നുള്ള 'നിയന്ത്രണം' വിട്ട് അനാഥ
പ്രേതങ്ങളെപ്പോലെ ഒഴുകി നടക്കുകയാണ്. ഒന്നു കൂടി
വ്യക്തമാക്കിയാൽ "ട്രാഫിക്കില്ലാത്ത ഹൈവേ പോലെ" എപ്പോഴും ഒരു
കൂട്ടിയിടി മുന്നില്ക്കണ്ട് എന്നു ചുരുക്കം.

( ഈ അടുത്ത കാലത്ത് റഷ്യയുടെ ഉപയോഗ ശൂന്യമായ ഒരു ഉപഗ്രഹം
 ആവാസ മേഖലയിൽ പതിക്കുമെന്നുള്ള മുന്നറിയിപ്പിനെത്തുടർന്ന്
പരിഭ്രാന്തരായ ലോകം തല നാരിഴക്കാണല്ലോ ആ ദുരന്തത്തിൽ നിന്നും
രക്ഷപ്പെട്ടത്. ഭൂമിയുടെ അന്തരീക്ഷത്തിൽ വെച്ച് മുക്കാൽ ഭാഗവും
കത്തിത്തീർന്ന ആ ദുരന്ത വാഹകൻ പസഫിക്കിന്റെ അന്തരാളങ്ങളിൽ
നിരവ്രൃതിയടഞ്ഞു എന്നാണ് പിന്നീട് കിട്ടിയ വാർത്ത.)

 ശൂന്യതയെന്നത് അതി നിഗൂഢതകൾ ഉൾക്കൊള്ളുന്ന ഒരു
പ്രതിഭാസമാണ്. അത് മനുഷ്യ കുലത്തിന് ജിജ്ഞാസകൾക്കതീതമായി
ജീവനെന്ന പ്രതിഭാസത്തെ അപ്രാപ്യമാക്കുന്നു. അതു കൊണ്ടാണല്ലോ
ശൂന്യത ഒരു ശാപമാവുന്നിടത്ത് പ്രധാന കഥാപാത്രമായ റയാന്‍ സ്റ്റോണ്‍
'ശൂന്യതയെ വെറുക്കുന്നു' എന്ന പ്രഖ്യാപനം നടത്തുന്നത്.

 മരണത്തെ മുഖാമുഖം കണ്ട് ഒരു വിധേന രക്ഷ നേടി ഭൂമിയുടെ ജീവ
ജലത്തിൽ വന്ന് വീഴുമ്പോൾ ഒരു സ്വർഗ്ഗത്തിലെത്തിയെന്ന പോലെ
അനുഭൂതിയിലായിരുന്നു. അതെ... ഭൂമി തന്നെയാണ് യഥാർഥ
സ്വർഗ്ഗമെന്ന് തിരിച്ചറിഞ്ഞ നിമിഷം !.

ഭൂമീ ദേവിയുടെ മാറിൽ കിടന്ന് ഒരു പിടി കുതിർന്ന മണ്ണെടുത്ത്
മാറോടടുപ്പിക്കുമ്പോൾ അറിയാതെ പറഞ്ഞു പോകും; പ്രപഞ്ചത്തിന്റെ
ഏതെങ്കിലുമോരത്ത് മറ്റൊരു 'ഭൂമി'യെ കണ്ടെത്തിയാലും മനുഷ്യ
കുലത്തിന് ഭൂമിയെന്ന അമ്മയെ ഒരിക്കലും പിരിയാനാവില്ല എന്ന
സത്യം ..

ശൂന്യാകാശത്തു നിന്നും വരുന്ന ഉപഗ്രഹാവശിഷ്ടങ്ങൾ ഭൂമിയുടെ
അന്തരീക്ഷത്തിൽ എരിഞ്ഞടങ്ങുന്നു. ഭൂമിയുടെ എണ്ണിയാലൊടുങ്ങാത്ത
സവിശേഷതകൾ ഒന്നു കൂടി ഒർമ്മപ്പെടുത്തുന്നിടത്ത് സിനിമ
അവസാനിക്കുന്നു. എന്നാൽ പ്രപഞ്ചമെന്ന അനന്തസീമമായ
 നിഗൂഢതകളെക്കുറിച്ച് പ്രേക്ഷകൻ ഒന്നുകൂടി മനസ്സിരുത്തി ചിന്തിച്ചു
 തുടങ്ങുകയും ചെയ്യുന്നു.


 (ഇതൊരു ആസ്വാദനം മാത്രമാണെന്നുള്ളത് ഒന്നു കൂടി ഓര്‍മ്മപ്പെടുത്തട്ടെ).

Sunday, October 13, 2013

വാര്‍ദ്ധക്യം





ആദ്യനരയുടെ പുതുനാമ്പുകള്‍ കറുത്ത മുടിയിഴകളെ തഴഞ്ഞ് വെളിയിലേക്ക് തലനീട്ടിയപ്പോഴാണ്‌ വാര്‍ദ്ധക്യമെന്ന അവസാന ഘട്ടത്തില്‍ താന്‍ എത്തിയിരിക്കുന്നെന്ന യാഥാര്‍ത്ഥ്യം അയാളറിഞ്ഞത്. തലച്ചോര്‍ പിളര്‍ന്ന് തന്റെ ഓര്‍മ്മകളെക്കൂടി പിഴുതെടുത്ത് ആ നരകള്‍ പുറത്തെറിയുന്ന പോലെ തോന്നി. ഇത്രയും കാലം മനസ്സിനൊപ്പം സഞ്ചരിച്ചിരുന്ന തന്റെ ശരീരം ഇനി മുതല്‍  ഉമ്മറപ്പടിയിയിലുള്ളചാരുകസേരയില്‍ മാറാലകെട്ടിയമനസ്സുമായി ഇരുന്നുപോകുമെന്ന യാഥാർഥ്യം അയാളുടെ ചിന്താമണ്ഡലങ്ങളെ  മഥിച്ചുകൊണ്ടിരുന്നു.


  കാലം പൽ‌ച്ചക്ക്രമായി. വാർദ്ധക്യമെന്ന രണ്ടാം ബാല്യം അയാളെ ചിന്തകളുടെ  അഗാധ പടുകുഴിയിലേക്ക് തള്ളി.പ്രകൃതി അയാള്‍ക്ക് ചരമ ഗീതം പാടിക്കൊണ്ടിരുന്നു. പക്ഷികളും മൃഗങ്ങളും അതേറ്റുപാടി. രണ്ടു നാഴികക്കപ്പുറത്തുള്ള  പള്ളിക്കാട്ടില്‍ നിന്നും വീശിക്കൊണ്ടിരുന്ന കാറ്റിന് ആത്മാക്കളെ വലിച്ചെടുത്ത  മൈലാഞ്ചിച്ചെടികളുടെ മണമുണ്ടായിരുന്നു. പള്ളിക്കാട്ടിലെ ഇരുണ്ട  നിശബ്ദതയെഭേദിച്ച് ചീവീടുകളുടെ മരണഗീതങ്ങൾ തനിക്കുള്ള വിലാപഗീതം  പോലെയെന്നയാൾക്ക് തോന്നി.

  തുള്ളിക്കൊരു കുടം കണക്കെ പെയ്ത വേനൽ മഴ തല്‍ക്കാലത്തേക്ക് മാറിനിന്ന, വസന്തത്തിന്റെ പിൻവാങ്ങൽ വിളംബരം ചെയ്ത്  തൊടിയിലെ മൂവാണ്ടന്‍ മാവിലെ  അവസാനത്തെ മാങ്ങയും ഞെട്ടറ്റു വീണ, ദേശാടനപ്പക്ഷികള്‍ യാത്ര പറഞ്ഞ്  ചിറകടിച്ചു പറന്ന  ആ രാത്രിയില്‍ .. ജനാലപ്പാളി കടന്നുവന്ന കാറ്റിന് പതിവിനു വിപരീതമായി എന്തോ പറയാനുണ്ടെന്ന് അയാളുടെ മനസ്സ് മന്ത്രിച്ചു.

  മയ്യത്തുകട്ടിലിന്റെ നാലു കാലിലും അന്നാദ്യമായി നാലുമക്കളെയും ഒരുമിച്ചുകണ്ടപ്പോള്‍  ആ വൃദ്ധന് അന്നാദ്യമായി പൊട്ടിക്കരയണമെന്ന് തോന്നി. പക്ഷെ .... വരിഞ്ഞു മുറുക്കിയ മൂന്നുമുഴം തുണിക്കുള്ളില്‍ അയാള്‍ നിസ്സഹായനായിരുന്നു.