Wednesday, November 6, 2013

ജീവ കോശങ്ങൾ ലഭിച്ചില്ല, മലയാളിയും സ്റ്റാൻഫെഡ് സർവ്വകലാശാലയിലെ പ്രൊഫസറുമായിരുന്ന ഡോ: നളിനി അമ്പാടി മരണത്തിന് കീഴടങ്ങി. ഈ പത്ര വാർത്ത മനസ്സിനെ ഒന്നിരുത്തി ചിന്തിപ്പിക്കുക തന്നെ ചെയ്തു. കാരണം, ലോകമെമ്പാടും ക്യാമ്പുകൾ സംഘടിപ്പിച്ച് ഡോ: നളിനി അമ്പാടിക്കു യോജിക്കുന്ന മജ്ജ തേടിയുള്ള അക്ഷീണ പരിശ്രമത്തിലായിരുന്നു ബന്ധപ്പെട്ടവർ. മാസങ്ങളോളം നടത്തിയ ക്യാമ്പുകളിൽ പതിനായിരത്തോളം പേരെ പരിശോധിച്ചതിൽ ഒരാളുടെ മജ്ജ മാത്രമായിരുന്നു യോജിച്ചതായി കണ്ടെത്തിയത്. നിർഭാഗ്യമെന്ന് പറയട്ടെ, ദാതാവിന്റെ രക്തത്തിൽ ജീവ കോശങ്ങൾ കുറവായതിനാൽ ആ ശ്രമവും പരാജയപ്പെടുകയാണുണ്ടായത്.... അങ്ങനെ അനിവാര്യമായ വിധിക്കുമുന്നിൽ അവർ കീഴടങ്ങി !

ഒരു ജീവന് എത്രത്തോളം വിലയുണ്ട് എന്നതിന് വ്യക്തമായ തെളിവായാണ് ഞാനിവിടെ ഈ ദു:ഖ വാർത്തയിലൂടെ പറയാൻ ശ്രമിച്ചത്. സത്യത്തിൽ ഇന്നു സമൂഹത്തിൽ നടക്കുന്ന മനസ്സാക്ഷിയെ ഞെട്ടിക്കുന്ന പല സംഭവങ്ങളും ഒരു മനുഷ്യനാണെന്ന് പറയാൻ
ലജ്ജിക്കുന്ന തരത്തിലുള്ളതാണ്. എവിടെയാണ് നമുക്ക് പിഴച്ചത്?, അല്ലെങ്കിൽ പിഴച്ചു കൊണ്ടിരിക്കുന്നത്?. 50 പൈസയെച്ചൊല്ലിയുള്ള നിസ്സാര വഴക്കിന് ഒരു സുഹ്രൃത്ത് മറ്റൊരു സഹോദരന്റെ വയറ്റിൽ കത്തി കുത്തിയിറക്കുന്ന വികാരവും, സ്വന്തം കുഞ്ഞിനെ
കഴുത്തു ഞെരിച്ച് കൊല്ലുന്ന അമ്മയുടെ വികാരവും മനുഷ്യൻ എത്രത്തോളം മാനസികമായി അധ:പതിച്ചു എന്നതിന് തെളിവാണ്.

ജീവൻ നിസ്സാരമെന്ന് ഏതെങ്കിലും ദുർബല നിമിഷത്തിൽ തോന്നിയവർ ആത്മഹത്യയിൽ അഭയം തേടുന്നു. ഇക്കാര്യം പറയുമ്പോൾ എനിക്ക് കുട്ടിക്കാലത്തുണ്ടായ മറക്കാനാവാത്ത രണ്ട് സംഭവങ്ങളുണ്ട്. ഞാനന്ന് നാലാം ക്ലാസിലാണെന്ന് തോന്നുന്നു. നാട്ടിൽ എല്ലാവർക്കും പ്രിയങ്കരനായിരുന്നു ജയൻ ചേട്ടൻ. ചുറു ചുറുക്കും തന്റേടവുമുള്ള ഒരു ചെറുപ്പക്കാരൻ, ഞാൻ കാണുമ്പോഴൊക്കെ സന്തോഷവാനായി കാണാറുള്ള അദ്ദേഹം നാട്ടുകാർക്കൊക്കെ പരോപകാരിയായിരുന്നു. ഒരു നാൾ പെട്ടെന്ന് അദ്ദേഹത്തെ നാട്ടിൽ
കാണാതായി. നാലു ദിക്കിലേക്കും ആളുകൾ അന്വേഷിച്ച് പുറപ്പെട്ടു. ഒരാഴ്ചക്കു ശേഷം കുറച്ചു ദൂരെയുള്ള ഒരു പറങ്കിത്തോട്ടത്തിൽ ഒരു മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു ആ അഴുകിയ ശരീരത്തെ കണ്ടെത്തിയത് !

എന്റെ വീടിനടുത്തുതന്നെയായിരുന്നു അവരുടെ വീട്. മ്രൃതദേഹം കൊണ്ടുവരുന്നെന്നറിഞ്ഞ് എന്റെ വിട്ടിലെല്ലാവരും മരണവീട്ടിലേക്ക് പോവുമ്പോൾ എന്നോട് അങ്ങോട്ട് വരരുതെന്ന് പറഞ്ഞിരുന്നു. തൊടിയിൽ റബ്ബർ മരത്തിന്റെ മറ പറ്റി നിന്ന ഞാൻ അവ്യക്തമായാണ് ആമ്പുലൻസ് വരുന്നത് കണ്ടത്. വീടിന്റെ പടിക്കലെത്തിയതും ഓടിക്കൂടുന്ന ജനക്കൂട്ടം, അതിനിടയിൽ സ്ത്രീകളുടെ ഉച്ചത്തിലുള്ള നിലവിളികളും!..ഒരു നാലാം ക്ലാസ്സുകാരന്റെ ചിന്തകൾ വിഷാദത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു അന്നു മുതൽ...

അന്നത്തെ മേഘാവ്രൃതമായ പേടിപ്പെടുത്തുന്ന അന്തരീക്ഷവും അതിനു മേമ്പൊടിയെന്നോണം ചീവീടുകളുടെ വിഷാദ സംഗീതവും എന്റെ മനസ്സിൽ തീർത്തത് ഭയത്തിന്റെയും ആകാംക്ഷയുടെയും നിർവ്വചിക്കാനാവാത്ത വികാരമായിരുന്നു. അതിലുപരിയായി എന്റെ ചിന്താമണ്ഡലത്തെ അലട്ടിയത് ഇത്രയും സന്തോഷത്തോടെ കഴിഞ്ഞിരുന്ന ജയേട്ടൻ എന്തിനാണ് ഈ കടും കൈ ചെയ്തത് എന്നായിരുന്നു. ആ ചോദ്യം ഇപ്പോഴും ഉത്തരമില്ലാതെ മനസ്സിൽ കിടന്നലയുന്നുണ്ട്...

ജയേട്ടന്റെ അച്ചന് കാഴ്ച്ച ശേഷിയില്ലായിരുന്നു. (എങ്കിലും ഞങ്ങൾ കുട്ടികൾ അദ്ദേഹത്തിന്റെ കണ്ണാണെന്ന് തെറ്റിദ്ധരിച്ച ചെറിയ വടി കൊണ്ട് അദ്ദേഹം സഞ്ചരിക്കാത്ത നാടുകൾ കുറവായിരുന്നു.അതും ഒരത്ഭുതമായി അവശേഷിക്കുന്നു). രണ്ട് ദിവസത്തിന് ശേഷം ജിജ്ഞാസയോടെ വടക്കേതൊടിയിൽ നിന്നും മരണവീട്ടിലേക്ക് എത്തി നോക്കിയ ഞാൻ കണ്ടത് കിഴക്കേ അതിരിനു ചേർന്ന് പുല്ലാനിയും കമ്മ്യൂണിസ്റ്റ് പച്ചയും തീർത്ത കാടിനരികെ മുളങ്കൂട്ടത്തിനപ്പുറത്ത് കുഴഞ്ഞു മറിഞ്ഞ മണ്ണിൽ തീർത്ത ഒരു ചെറിയ കൂനയും അതിനു മുകളിൽ മൂന്ന് കല്ലുകളുമായിരുന്നു !

രണ്ടാമത്തെ അനുഭവം കുറച്ചു കൂടി ആശാവഹമാണ്. പറയാം .. ഒരു നെൽ വയലിനപ്പുറത്ത് മറുകരയിൽ താമസിക്കുന്ന ആശാരി ശിവൻ ചേട്ടനു ഏതോ ഒരു നിമിഷത്തിൽ തോന്നിയ വികല ചിന്ത !. വീട്ടിൽ ആരുമില്ലാത്ത സമയമായിരുന്നു.കഴുക്കോലിൽ കയർ മുറുക്കി ആത്മഹത്യക്ക് ശ്രമിച്ചു. പക്ഷേ ഭാഗ്യത്തിന് കയർ പൊട്ടി ആൾ താഴെ വീണു. കഴുത്തിൽ നേരിയ ക്ഷതമേറ്റ അദ്ദേഹത്തിന്റെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ താങ്ങിയെടുത്ത് പാടവരമ്പത്തിലൂടെ ഓടുന്ന കാഴ്ച ഇന്നും നടുക്കത്തോടെയാണ് ഓർക്കുന്നത്. ഏറെ നാളത്തെ ആശുപത്രി വാസത്തിന് ശേഷം ആൾ ആരോഗ്യവാനായി തിരിച്ചു വന്നു. ആദ്യമൊക്കെ ആളുകകളെ അഭിമുഖീകരിക്കാൻ മടിയായിരുന്നു(വിജയിക്കുമെന്ന് ഉറച്ച തീരുമാനമെടുത്ത് ഇറങ്ങിത്തിരിച്ച് അവസാനം പൊളിഞ്ഞ ബിസിനസ്സുകാരനെപ്പോലെ). ആയിടക്കാണ് പുള്ളിക്കാരന്റെ കഴുത്തിലെ കറുത്ത പാട് ശ്രദ്ധിച്ചത്. ഒരു ഓർമ്മപ്പെടുത്തൽ പോലെ മരണം അദ്ദേഹത്തിന് സമ്മാനിച്ചു പോയ ഒരു 'ലേബൽ' !.. അത് ഇന്നും അദ്ദേഹം കാത്തു സൂക്ഷിച്ച് പോകുന്നുണ്ട്.

ഏതെങ്കിലും ഒരു നിമിഷത്തിലെ വൈകാരിക പ്രക്ഷോഭമായിരിക്കും എല്ലാ ആത്മഹത്യകളുടെയും ഹേതു. ആരോഗ്യകരമായ കാഴ്ചപ്പാടുകൾ, അറിവ് എന്നിവ പക്വമായ ഒരു സാമൂഹികാന്തരീക്ഷത്തിൽ അത്തരം അപരിഷ്ക്രൃത ചെയ്തികളെ തീർച്ചയായും ഇല്ലാതാക്കുമെന്നുതന്നെയാണ് ഈയുള്ളവന്റെ വിശ്വാസം. വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഏറെ മുന്നിലെന്ന് അഹങ്കരിക്കുന്ന നാം കേരളീയർ തന്നെയാണത്രെ ഇന്ത്യയിൽ സംസ്ഥാനങ്ങളുടെ കണക്കിൽ വരുമ്പോൾ ആത്മഹത്യയിൽ മുൻപന്തിയിലുള്ളതെന്ന് ഒരു വിരോധാഭാസമായിത്തന്നെ നിലനില്ക്കുന്നു.

വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യം സാമ്പത്തിക കാഴ്ച്ചപ്പാടിലൂന്നിയ ഒരു തൊഴിൽ എന്നതിൽ മാത്രമായി ഒതുങ്ങുന്ന ആധുനിക കാഴ്ച്ചപ്പാടിൽ നിന്നും ഏതു പ്രതിസന്ധിഘട്ടത്തിലും തളരാത്ത മനസ്സുള്ളൊരു വ്യക്തി എന്നതിലേക്കു കൂടി നമ്മുടെ കാഴ്ച്ചപ്പാടുകൾ മാറുന്ന ഒരു നല്ലൊരു പുലരി സ്വപ്നം കണ്ട് ....