Tuesday, April 29, 2014

ചില്ലു ജാലകങ്ങള്‍ക്കപ്പുറത്ത് ...





അതൊരു കര്‍ക്കിടക മാസമായിരുന്നു. കോരിച്ചൊരിയുന്ന മഴയും ഏഴാനാകാശത്തുനിന്നും പെരുമ്പറ കൊട്ടും കണക്കെയുള്ള ഇടിയും മിന്നലും അവന്റെ അന്നത്തെ ഭൂമിയിലേക്കുള്ള ആഗമനത്തെ പെരുമ്പറ മുഴക്കി ആഘോഷിക്കുന്ന പോലെ തോന്നി ..
അതുവരെയുള്ള അവന്റെ സ്വൈര്യ വിഹാരത്തെ ആരൊക്കെയോ ചേര്‍ന്ന് തടസ്സപ്പെടുത്തിയതിലുള്ള നീരസം അവന്‍ അതി ശക്തിയായിത്തന്നെ അറിയിച്ചു. കൈകള്‍ ചുരുട്ടി അവന്‍ തന്നെ നോക്കി ചിരിക്കുന്നവരെ ഒന്ന് നോക്കാന്‍പോലും മെനക്കെടാതെ ഉച്ചത്തില്‍ വാവിട്ട് കരഞ്ഞുകൊണ്ടിരുന്നു. പക്ഷെ മഴയുടെയും കാറ്റിന്റേയും ഹുങ്കാരാരവങ്ങള്‍ക്കിടയില്‍ അവന്റെ ശബ്ദം കുത്തൊഴുക്കില്‍പ്പെട്ട ആലില കണക്കെ ആ പത്തായപ്പുരയുടെ നാലു ചുമരുകള്‍ക്കിടയില്‍ അലിഞ്ഞില്ലാതായി...
ആകസ്മികതയും നിര്‍ഭാഗ്യങ്ങളും ഉഴുതു മറിച്ച ക്ളീഷേകള്‍ പിന്നീടുള്ള അവന്റെ ജീവിതത്തിനെ വഴിയൊരുക്കിക്കൊണ്ടിരുന്നു. അനുസ്യൂതം തുടര്‍ന്നു പോവുന്ന ഋതു ഭേദങ്ങള്‍ അവന്റെ സു:ഖ , ദു:ഖ മിശ്രണങ്ങളെ ഉഴുതു മറിച്ചുകൊണ്ടിരുന്നു.

അന്‍പതു വര്‍ഷങ്ങള്‍ക്കിപ്പുറവും തന്റെ ജീവിതത്തെക്കുറിച്ചുള്ള ഉത്കണ്‍ഠകള്‍ അന്നു പെയ്ത മഴയുമായി പങ്കുവച്ചു. ചാറ്റല്‍ മഴയുടെ നേരിയ തേങ്ങലുകള്‍ നിശബ്ദമായ ആ ബംഗ്ളാവില്‍ എന്തോ വരാനിരുക്കുന്ന ദുരന്തത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. ചില്ലു ജാലകത്തിനപ്പുറത്തെ മഴയും അയാളുടെ ആത്മ നൊമ്പരങ്ങളും ഒരാത്മാവെന്ന പോലെ ഒരുമിച്ച് പെയ്തുകൊണ്ടിരുന്നു. ജീവിതത്തിന്റെ അനിവാര്യമായ ഏകാന്തതയില്‍ നിഴലിച്ചിരുന്നത് അയാളുടെ വിരഹങ്ങളും ദു:ഖങ്ങളും വേദനകളുമായിരുന്നു ..
ചില്ലു ജാലകത്തിനപ്പുറത്തെ പ്രകൃതിയുടെ അവര്‍ണ്ണനീയമായ കൊളാഷുകളില്‍ ദൃഷ്ടിയൂന്നി അയാളുടെ ഓര്‍മ്മകള്‍ പിന്നോട്ടോടിക്കൊണ്ടിരുന്നു. ഓര്‍മ്മകളുടെ ഓളങ്ങള്‍ക്കിപ്പുറം സ്വ:ബോധത്തിലേക്ക് പറന്നിറങ്ങുമ്പോഴേക്കും ഓര്‍മ്മകള്‍ സമ്മാനിച്ച കുറച്ചു ചുടു കണ്ണീര്‍ കണ്‍തടത്തെയും വകഞ്ഞു മാറ്റി കവിളിലൂടെ ജനല്‍ത്തിണ്ണയിലെ മഴത്തുള്ളികളില്‍ അലിഞ്ഞ് ചേര്‍ന്നു ! ..

ഇറയത്ത് വീണുടയുന്ന വെള്ളത്തുള്ളികള്‍ അറബിക്കടലിനെ ലക്ഷ്യമാക്കി മുറ്റത്തെ ഓവു ചാലിലേക്ക് പ്രവേശിക്കുന്നതിനു മുന്‍പ് ആത്മാവുറങ്ങിയ നിശബ്ദമായ സൌധത്തെ നോക്കി അവസാന യാത്ര ചോദിച്ചു കൊണ്ടിരുന്നു ...