Wednesday, July 2, 2014

ഷറപ്പോവ വിഷയത്തില്‍ നമ്മള്‍ പ്രത്യേകിച്ചും മലയാളികള്‍ വളരെ പരിതാപകരമായ സാംസ്കാരിക മൂല്യച്യുതിയിലേക്കാണ്‌ നീങ്ങിക്കൊണ്ടിരിക്കുന്നത്.     ഒരാള്‍ക്ക് ലോകത്തുള്ള എല്ലാ കളിക്കാരെക്കുറിച്ചും ആധികാരികമായി അറിയണമെന്ന് ലോക നിയമം അനുശാസിക്കും വിധമാണ്‌ ഇതിനെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ കാണുമ്പോള്‍ തോന്നുന്നത്. അവരുടെ പേജില്‍ക്കയറി നാമൊക്കെ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ നമ്മുടെ രാജ്യത്തിനു തന്നെ    അപമാനകരമാവുന്ന സ്ഥിതിയിലേക്കാണ്‌    നീങ്ങിക്കൊണ്ടിരിക്കുന്നത്.


                             ഷറപ്പോവയുടെ പേജ് നാം ഇന്ഡ്യക്കാര്‍ മാത്രമല്ല കണ്ടുകൊണ്ടിരിക്കുന്നത്.     മറ്റു രാജ്യങ്ങളിലെ  അനേകായിരങ്ങള്‍       തീര്‍ച്ചയായും     നമ്മുടെ ഇത്തരം     സഭ്യതക്ക് നിരക്കത്ത കമ്മന്റുകള്‍ കണ്ട് വിലയിരുത്തുന്നത്    ആ എഴുതിയ വ്യക്തിയെ മാത്രമായിരിക്കില്ല,        നമ്മുടെ രാജ്യത്തിലെ ജനങ്ങളുടെ സംസ്കാരത്തെത്തന്നെയായിരിക്കും.


          പ്രാദേശിക ഭാഷയില്‍ തെറി എഴുതിയാല്‍ മറ്റുള്ളവര്‍ക്കൊന്നും മനസ്സിലാവില്ല എന്ന മിധ്യാ ധാരണ തീര്‍ത്തും തെറ്റാണ്‌. നമ്മുടെ രാജ്യത്തുള്ള പ്രാദേശിക ഭാഷ ഈ രാജ്യത്തുള്ളവര്‍ക്കു മാത്രമേ അറിയുകയുള്ളൂ എന്നതിന്‌ നമുക്കെങ്ങനെ ഉറപ്പു പറയാന്‍ കഴിയും.


           ഓരോ രാജ്യത്തിന്റേയും    ഭൂമി     ശാസ്ത്രവും സംസ്കാരവും  പാരമ്പര്യവുമൊക്കെ കണക്കിലെടുത്താണ്‌ ദേശീയ വിനോദങ്ങള്‍ക്ക് പ്രസക്തിയുണ്ടാവുന്നത്. നമ്മുടേ ഇന്ഡ്യയില്‍ത്തന്നെ ദേശീയ വിനോദമായ ഹോക്കിക്ക് പകരം കൂടുതലാളുകളും ഇഷ്ടപ്പെടുന്നത് ക്രിക്കറ്റിനെയാണ്‌. പറഞ്ഞു വരുന്നതെന്താണെന്നു വെച്ചാല്‍ നമുക്ക് ആധികാരികമായി ജയങ്ങള്‍ സമ്മാനിച്ചിട്ടുള്ളത് ക്രിക്കറ്റാണെന്നുള്ളതുകൊണ്ട് തന്നെ. അവിടെയാണ്‌ സച്ചിനെന്ന വ്യക്തി നൂറു കോടി ജനങ്ങളുടെ ആരാധനാപാത്രമാവുന്നത്. ബദ്ധ വൈരികളായ പാക്കിസ്ഥാനുമായുള്ള പോരാട്ടം, ബോളിവുഡ് സിനിമാ ലോകത്തിന്റെ ഇടപെടലുകള്‍ തുടങ്ങി വമ്പന്‍ പണച്ചാക്കുകള്‍ വരെ ക്രിക്കറ്റിനെ കെട്ടിപ്പുണര്‍ന്നതോടെ നാമൊക്കെ ക്രിക്കറ്റിനെ സ്നേഹിക്കാന്‍ തുടങ്ങി എന്നു തന്നെ പറയാം.


ഇവിടെ ചര്‍ച്ച ചെയ്യേണ്ട മറ്റൊരു വിഷയം കൂടിയുണ്ട്. കേരളത്തില്‍ പ്രത്യേകിച്ച് വിദ്യാസമ്പന്നതയില്‍ മുന്നേറ്റമുള്ളതു കൊണ്ടും ജീവിത നിലവാരത്തിലുള്ള ഉയര്‍ച്ച കൊണ്ടും ലോക വീക്ഷണം കൂടുതലായിരിക്കും. (സ്വന്തം അയല്‍പക്കത്തുള്ള വീട്ടുകാരെക്കുറിച്ച്     ഒന്നുമറിയില്ലെങ്കിലും        നമ്മള്‍ മലയാളികള്‍ക്ക്  ഒരു പക്ഷെ അമേരിക്കന്‍ പ്രസിഡന്റിന്റെ അയല്‍പക്കക്കാരെക്കുറിച്ച് നല്ല അറിവായിരിക്കും). എന്നാല്‍ വടക്കേ  ഇന്‍ഡ്യയില്‍   ചില     വൈദ്യുതിപോലും     കിട്ടാത്ത് കുഗ്രാമങ്ങളില്‍ ചെന്ന് സച്ചിനെ അറിയുമോന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ ഷറപ്പോവ പറഞ്ഞ അതേ ഉത്തരം പ്രതീക്ഷിക്കാം ..


പിന്നെ സച്ചിനെന്ന ഇതിഹാസത്തെക്കുറിച്ച് നമുക്ക് മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. സച്ചിന്റെ മഹത്വം ലോകം ഇവിടെ വന്ന് മനസ്സിലാക്കിയതാണ്.


 കൂടുതല്‍ എന്തെങ്കിലും എഴുതണമെന്നുണ്ട്. റഷ്യയിലെ പ്രശസ്ത വിനോദങ്ങളും അതില്‍ പ്രശസ്തരായ ആളുകളുടെ(നമുക്ക് പരിചയമില്ലാത്ത) പേരും ഒന്ന് പഠിച്ചു വരട്ടെ  .. :p