Sunday, August 31, 2014



പ്രിയ മാവേലി വായിച്ചറിയുവാൻ ഒരു പാവം പ്രജ എഴുതുന്നത്‌....


എന്തെന്നാൽ ,അങ്ങേക്ക്‌ സുഖമെന്ന്‌ വിശ്വസിക്കുന്നു. ഈ കത്ത്‌ കിട്ടുമ്പൊഴേക്കും.ഒരു പക്ഷെ താങ്കൾ അവിടെനിന്നും ഞങ്ങൾ പ്രജകളെ കാണാൻ പുറപ്പെട്ടിരിക്കും.നല്ലത്‌..പക്ഷെ പ്രജാക്ഷേമതൽപരനായ മാവേലി, അങ്ങ്‌ ഇത്രയൊക്കെ കഷ്ടപ്പെട്ട്‌ പാതാളത്തിൽനിന്നും ഇവിടെവരെ വന്നിട്ടും അങ്ങയുടെ മഹിമയെക്കുറിച്ച്‌ ഞങ്ങൾ മലയാളികൾ അജ്ഞരാണെന്നുള്ള സത്യം തുറന്നു പറയട്ടെ. അങ്ങയുടെ ഭരണത്തിൽ ഉണ്ടായിരുന്നെന്ന് പറയുന്ന മാനുഷരെല്ലാരും ഒന്നുപോലെ ,ആമോദത്തൊാടെ വസിക്കും കാലം, കള്ളവുമില്ല ചതിയുമില്ല,എള്ളോളമില്ല പൊളിവചനം ...... !!

മാവേലീ, എനിക്ക്‌ തോന്നിയ ഒരു സംശയമാണ്‌..അതേയ്‌..അങ്ങ്‌ ശരിക്കും നാട്‌ ഭരിച്ചിരുന്നോ ?? അല്ല .താങ്കളുടെ കാലത്തുണ്ടെന്നു പറയുന്ന ഈ കാര്യങ്ങളെല്ലാം തന്നെ ഒരു ഉട്ടൊപ്പ്യൻ ആശയങ്ങളായിട്ടാണ്‌ ഞങ്ങൾ സാധാരണ പ്രജകൾക്ക്‌ തോന്നുന്നത്‌.അങ്ങുവരുന്ന ഈ ഉത്രാടം ഞങ്ങൾ സാദുക്കൾക്ക്‌ പെപ്രാള സമയമാണ്‌.കാരണം കാണത്തിനുപോലും ഇപ്പോൾ രൂപയേക്കാൾ വിലയുണ്ട്‌.

പിന്നെ മാവേലി, ഞാൻ മേൽപറഞ്ഞകാര്യമോർത്ത്‌ അങ്ങ്‌ ഇനി വരാതിരിക്കണ്ട..ഒരു പക്ഷേ നാളെ അല്ലെങ്കിൽ മറ്റന്നാൾ ഞങ്ങൾ മലയാളികൾ നന്നായാലോ ..സ്വന്തം അയൽപക്കക്കാരൻ പട്ടിണി കിടക്കുമ്പോൾ അവന്‌ കഴിയുന്ന സഹായം ചെയ്തുകൊടുക്കുന്നതിനു പകരം അവന്റെ ദയനീയത പകർത്തി മുഖപുസ്തകത്തിലിട്ട്‌ ലൈക്കുവാരുന്ന ഞങ്ങൾ ഇങ്ങനെയൊക്കെയാണ്‌.അപ്പൊ ഇനി ബാക്കി നേരിൽക്കണ്ട്‌ പറയാം..

ങാ..ഒരു കാര്യം കൂടി , അങ്ങ്‌ തൃപ്പൂണിത്തുറ വഴിയാണോ വരുന്നത്‌? അതെയ്‌ അങ്ങനെയാണെങ്കിൽ എംജി റോഡിൽ പാതാളം വരെയെത്തുന്ന ഒരു കുഴിയുണ്ട്‌..യാത്ര എളുപ്പമാവുമല്ലോ ..

നന്ദി





കഴിഞ്ഞ വര്‍ഷം ഓണക്കാലത്ത് ഫേസ് ബുക്കില്‍ പോസ്റ്റിയത്.



യാന്ത്രിക ലോകം !!   ചിന്തകളും പ്രവർത്തികളും ഒക്കെത്തന്നെ വിവര സാങ്കേതികതയുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടിരിക്കുന്നു. പണ്ട്‌ മുനിഞ്ഞ്‌ കത്തുന്ന ചിമ്മിനി വിളക്കിന്റെ അടുത്തിരുന്ന് പുസ്തകം വായിച്ചിരുന്ന സുഖം ഇപ്പോൾ ധവള പ്രകാശം ചൊരിയുന്ന സി എഫ്‌ എല്ലിനു കീഴെ ഇരുന്ന് വായിച്ചാൽ കിട്ടുന്നില്ല.

പണ്ട്‌ കാത്തിരിപ്പുകൾക്കും ഒരു സുഖമുണ്ടായിരുന്നു. കാതങ്ങൾക്കപ്പുറത്തുള്ള ഉറ്റവരുടെ കത്തിനു വേണ്ടിയുള്ള കാത്തിരിപ്പിന്‌ വിരഹത്തിന്റേയും ആകാംക്ഷയുടേയും മേമ്പൊടിയുണ്ടായിരുന്നു.

പണ്ടൊക്കെ കുട്ടികൾ കളിച്ചിരുന്ന പല നാട്ടിൻ തനിമയുള്ള കളികളും അന്യം നിന്നിരിക്കുന്നു. തലപ്പന്ത്‌, ഗോലി കളി, പാറമ്മെത്തോണ്ടി,കിസേപി,ടയർ ഉരുട്ടൽ , പഴയ ചെരിപ്പുകൊണ്ടുണ്ടാക്കിയ ചക്ര വണ്ടികൾ .... അങ്ങനെ പോവുന്നു കളികൾ ..  ഇത്തരം കളികളിലൂടെ കുട്ടികളിലുണ്ടാവുന്ന സൗഹൃദ മനോഭാവങ്ങളും സ്നേഹാദരങ്ങളും അവരുടെ വ്യക്തി വികാസത്തെയും പരിപോഷിപ്പിക്കുകയും മനസ്സിൽ നന്മ കാത്തു സൂക്ഷിക്കുവാനും സഹായിച്ചിരുന്നു.

 അത്തരമൊരു ജീവിത സാഹചര്യത്തിൽ നിന്നും വന്നതു കൊണ്ടാവാം , ചെറിയ അമ്മാവൻ മോന്‌ കൂട്ടുകാരൊന്നിച്ച്‌ കളിച്ചു വളരുന്നതിനുള്ള സാഹചര്യമൊരുക്കിയത്‌. ഇന്നാളൊരു ദിവസം വീട്ടിൽ ചെന്നപ്പോൾ ആകെ ചെളിയിൽ കുളിച്ച്‌ നില്ല്കുന്ന അവനോട്‌ ഉപ്പ തല്ലില്ലേ എന്ന് ചോദിച്ചപ്പോൾ "ന്നോട്‌ ഉപ്പ മണ്ണിക്കൾച്ചാനാ പറഞ്ഞ്ക്ക്ണെ " എന്ന നിഷ്കളങ്കമായ മറുപടി എന്നേയും ഒരുപാട്‌ ചിന്തിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തു..

നമ്മുടെയൊക്കെ ജീവിതത്തിന്‌ ഗൃഹാതുരതയുമായി ബന്ധപ്പെട്ട ഒരുപാട്‌ ഓർമ്മകളുണ്ട്‌. ഒരു പക്ഷെ അത്തരം നല്ല ഓർമ്മകളും കുട്ടിക്കാലത്തെ അത്തരം കുസൃതികളുമൊക്കെയാണ്‌ ഇന്നത്തെ നാല്‌ ചുമരുകൾക്കിടയിലുള്ള നമ്മുടെ ഏകാന്തതകൾക്ക്‌ കുറച്ചെങ്കിലും ആശ്വാസമാവുന്നത്‌.

മുഖ പുസ്തകത്തിൽ രണ്ടായിരവും മൂവായിരവും കൂട്ടുകാരെ കിട്ടിയതിലല്ല. അതിലെത്ര പേർ ആത്മസുഹൃത്തുക്കളായുണ്ടാവുമെന്നതാണ്‌ ചിന്തിക്കേണ്ടത്‌.   വിവരസാങ്കേതികത നമ്മുടെ ജീവിതത്തെ മാറ്റി മറിച്ചുവെങ്കിലും അമിതമായാൽ അമൃതും വിഷം എന്ന ചൊല്ല് ഇവിടെയും പ്രസക്തമാണ്‌.

ഒരു ദിവസമെങ്കിലും തിരക്കൊഴിഞ്ഞ ഒരു സമയത്ത്‌ അൽപനേരത്തേക്കെങ്കിലും മുറ്റത്തേക്കിറങ്ങി പരിസരം വീക്ഷിക്കുക. ആ കാഴ്ച്ചയിലായിരിക്കാം ഒരു പക്ഷെ താൻ നട്ട റോസാച്ചെടി പുഷ്പിച്ച്‌ നിൽക്കുന്ന കാഴ്ച കാണുന്നത്‌. അതെ ജീവിതത്തിരക്കിൽ നാമൊക്കെ മറന്നുപോവുന്ന ഇത്തരം നിസ്സാര കാര്യങ്ങൾ ഒരു ചെറു പുഞ്ചിരിയോടെ ഓർത്തെടുക്കുമ്പോഴുണ്ടാവുന്ന ആത്മ നിർവൃതി ആത്മ സംതൃപ്തിയുടെ പരകോടിയിലെത്തിക്കും .. തീർച്ച.....