Wednesday, November 6, 2013

ജീവ കോശങ്ങൾ ലഭിച്ചില്ല, മലയാളിയും സ്റ്റാൻഫെഡ് സർവ്വകലാശാലയിലെ പ്രൊഫസറുമായിരുന്ന ഡോ: നളിനി അമ്പാടി മരണത്തിന് കീഴടങ്ങി. ഈ പത്ര വാർത്ത മനസ്സിനെ ഒന്നിരുത്തി ചിന്തിപ്പിക്കുക തന്നെ ചെയ്തു. കാരണം, ലോകമെമ്പാടും ക്യാമ്പുകൾ സംഘടിപ്പിച്ച് ഡോ: നളിനി അമ്പാടിക്കു യോജിക്കുന്ന മജ്ജ തേടിയുള്ള അക്ഷീണ പരിശ്രമത്തിലായിരുന്നു ബന്ധപ്പെട്ടവർ. മാസങ്ങളോളം നടത്തിയ ക്യാമ്പുകളിൽ പതിനായിരത്തോളം പേരെ പരിശോധിച്ചതിൽ ഒരാളുടെ മജ്ജ മാത്രമായിരുന്നു യോജിച്ചതായി കണ്ടെത്തിയത്. നിർഭാഗ്യമെന്ന് പറയട്ടെ, ദാതാവിന്റെ രക്തത്തിൽ ജീവ കോശങ്ങൾ കുറവായതിനാൽ ആ ശ്രമവും പരാജയപ്പെടുകയാണുണ്ടായത്.... അങ്ങനെ അനിവാര്യമായ വിധിക്കുമുന്നിൽ അവർ കീഴടങ്ങി !

ഒരു ജീവന് എത്രത്തോളം വിലയുണ്ട് എന്നതിന് വ്യക്തമായ തെളിവായാണ് ഞാനിവിടെ ഈ ദു:ഖ വാർത്തയിലൂടെ പറയാൻ ശ്രമിച്ചത്. സത്യത്തിൽ ഇന്നു സമൂഹത്തിൽ നടക്കുന്ന മനസ്സാക്ഷിയെ ഞെട്ടിക്കുന്ന പല സംഭവങ്ങളും ഒരു മനുഷ്യനാണെന്ന് പറയാൻ
ലജ്ജിക്കുന്ന തരത്തിലുള്ളതാണ്. എവിടെയാണ് നമുക്ക് പിഴച്ചത്?, അല്ലെങ്കിൽ പിഴച്ചു കൊണ്ടിരിക്കുന്നത്?. 50 പൈസയെച്ചൊല്ലിയുള്ള നിസ്സാര വഴക്കിന് ഒരു സുഹ്രൃത്ത് മറ്റൊരു സഹോദരന്റെ വയറ്റിൽ കത്തി കുത്തിയിറക്കുന്ന വികാരവും, സ്വന്തം കുഞ്ഞിനെ
കഴുത്തു ഞെരിച്ച് കൊല്ലുന്ന അമ്മയുടെ വികാരവും മനുഷ്യൻ എത്രത്തോളം മാനസികമായി അധ:പതിച്ചു എന്നതിന് തെളിവാണ്.

ജീവൻ നിസ്സാരമെന്ന് ഏതെങ്കിലും ദുർബല നിമിഷത്തിൽ തോന്നിയവർ ആത്മഹത്യയിൽ അഭയം തേടുന്നു. ഇക്കാര്യം പറയുമ്പോൾ എനിക്ക് കുട്ടിക്കാലത്തുണ്ടായ മറക്കാനാവാത്ത രണ്ട് സംഭവങ്ങളുണ്ട്. ഞാനന്ന് നാലാം ക്ലാസിലാണെന്ന് തോന്നുന്നു. നാട്ടിൽ എല്ലാവർക്കും പ്രിയങ്കരനായിരുന്നു ജയൻ ചേട്ടൻ. ചുറു ചുറുക്കും തന്റേടവുമുള്ള ഒരു ചെറുപ്പക്കാരൻ, ഞാൻ കാണുമ്പോഴൊക്കെ സന്തോഷവാനായി കാണാറുള്ള അദ്ദേഹം നാട്ടുകാർക്കൊക്കെ പരോപകാരിയായിരുന്നു. ഒരു നാൾ പെട്ടെന്ന് അദ്ദേഹത്തെ നാട്ടിൽ
കാണാതായി. നാലു ദിക്കിലേക്കും ആളുകൾ അന്വേഷിച്ച് പുറപ്പെട്ടു. ഒരാഴ്ചക്കു ശേഷം കുറച്ചു ദൂരെയുള്ള ഒരു പറങ്കിത്തോട്ടത്തിൽ ഒരു മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു ആ അഴുകിയ ശരീരത്തെ കണ്ടെത്തിയത് !

എന്റെ വീടിനടുത്തുതന്നെയായിരുന്നു അവരുടെ വീട്. മ്രൃതദേഹം കൊണ്ടുവരുന്നെന്നറിഞ്ഞ് എന്റെ വിട്ടിലെല്ലാവരും മരണവീട്ടിലേക്ക് പോവുമ്പോൾ എന്നോട് അങ്ങോട്ട് വരരുതെന്ന് പറഞ്ഞിരുന്നു. തൊടിയിൽ റബ്ബർ മരത്തിന്റെ മറ പറ്റി നിന്ന ഞാൻ അവ്യക്തമായാണ് ആമ്പുലൻസ് വരുന്നത് കണ്ടത്. വീടിന്റെ പടിക്കലെത്തിയതും ഓടിക്കൂടുന്ന ജനക്കൂട്ടം, അതിനിടയിൽ സ്ത്രീകളുടെ ഉച്ചത്തിലുള്ള നിലവിളികളും!..ഒരു നാലാം ക്ലാസ്സുകാരന്റെ ചിന്തകൾ വിഷാദത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു അന്നു മുതൽ...

അന്നത്തെ മേഘാവ്രൃതമായ പേടിപ്പെടുത്തുന്ന അന്തരീക്ഷവും അതിനു മേമ്പൊടിയെന്നോണം ചീവീടുകളുടെ വിഷാദ സംഗീതവും എന്റെ മനസ്സിൽ തീർത്തത് ഭയത്തിന്റെയും ആകാംക്ഷയുടെയും നിർവ്വചിക്കാനാവാത്ത വികാരമായിരുന്നു. അതിലുപരിയായി എന്റെ ചിന്താമണ്ഡലത്തെ അലട്ടിയത് ഇത്രയും സന്തോഷത്തോടെ കഴിഞ്ഞിരുന്ന ജയേട്ടൻ എന്തിനാണ് ഈ കടും കൈ ചെയ്തത് എന്നായിരുന്നു. ആ ചോദ്യം ഇപ്പോഴും ഉത്തരമില്ലാതെ മനസ്സിൽ കിടന്നലയുന്നുണ്ട്...

ജയേട്ടന്റെ അച്ചന് കാഴ്ച്ച ശേഷിയില്ലായിരുന്നു. (എങ്കിലും ഞങ്ങൾ കുട്ടികൾ അദ്ദേഹത്തിന്റെ കണ്ണാണെന്ന് തെറ്റിദ്ധരിച്ച ചെറിയ വടി കൊണ്ട് അദ്ദേഹം സഞ്ചരിക്കാത്ത നാടുകൾ കുറവായിരുന്നു.അതും ഒരത്ഭുതമായി അവശേഷിക്കുന്നു). രണ്ട് ദിവസത്തിന് ശേഷം ജിജ്ഞാസയോടെ വടക്കേതൊടിയിൽ നിന്നും മരണവീട്ടിലേക്ക് എത്തി നോക്കിയ ഞാൻ കണ്ടത് കിഴക്കേ അതിരിനു ചേർന്ന് പുല്ലാനിയും കമ്മ്യൂണിസ്റ്റ് പച്ചയും തീർത്ത കാടിനരികെ മുളങ്കൂട്ടത്തിനപ്പുറത്ത് കുഴഞ്ഞു മറിഞ്ഞ മണ്ണിൽ തീർത്ത ഒരു ചെറിയ കൂനയും അതിനു മുകളിൽ മൂന്ന് കല്ലുകളുമായിരുന്നു !

രണ്ടാമത്തെ അനുഭവം കുറച്ചു കൂടി ആശാവഹമാണ്. പറയാം .. ഒരു നെൽ വയലിനപ്പുറത്ത് മറുകരയിൽ താമസിക്കുന്ന ആശാരി ശിവൻ ചേട്ടനു ഏതോ ഒരു നിമിഷത്തിൽ തോന്നിയ വികല ചിന്ത !. വീട്ടിൽ ആരുമില്ലാത്ത സമയമായിരുന്നു.കഴുക്കോലിൽ കയർ മുറുക്കി ആത്മഹത്യക്ക് ശ്രമിച്ചു. പക്ഷേ ഭാഗ്യത്തിന് കയർ പൊട്ടി ആൾ താഴെ വീണു. കഴുത്തിൽ നേരിയ ക്ഷതമേറ്റ അദ്ദേഹത്തിന്റെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ താങ്ങിയെടുത്ത് പാടവരമ്പത്തിലൂടെ ഓടുന്ന കാഴ്ച ഇന്നും നടുക്കത്തോടെയാണ് ഓർക്കുന്നത്. ഏറെ നാളത്തെ ആശുപത്രി വാസത്തിന് ശേഷം ആൾ ആരോഗ്യവാനായി തിരിച്ചു വന്നു. ആദ്യമൊക്കെ ആളുകകളെ അഭിമുഖീകരിക്കാൻ മടിയായിരുന്നു(വിജയിക്കുമെന്ന് ഉറച്ച തീരുമാനമെടുത്ത് ഇറങ്ങിത്തിരിച്ച് അവസാനം പൊളിഞ്ഞ ബിസിനസ്സുകാരനെപ്പോലെ). ആയിടക്കാണ് പുള്ളിക്കാരന്റെ കഴുത്തിലെ കറുത്ത പാട് ശ്രദ്ധിച്ചത്. ഒരു ഓർമ്മപ്പെടുത്തൽ പോലെ മരണം അദ്ദേഹത്തിന് സമ്മാനിച്ചു പോയ ഒരു 'ലേബൽ' !.. അത് ഇന്നും അദ്ദേഹം കാത്തു സൂക്ഷിച്ച് പോകുന്നുണ്ട്.

ഏതെങ്കിലും ഒരു നിമിഷത്തിലെ വൈകാരിക പ്രക്ഷോഭമായിരിക്കും എല്ലാ ആത്മഹത്യകളുടെയും ഹേതു. ആരോഗ്യകരമായ കാഴ്ചപ്പാടുകൾ, അറിവ് എന്നിവ പക്വമായ ഒരു സാമൂഹികാന്തരീക്ഷത്തിൽ അത്തരം അപരിഷ്ക്രൃത ചെയ്തികളെ തീർച്ചയായും ഇല്ലാതാക്കുമെന്നുതന്നെയാണ് ഈയുള്ളവന്റെ വിശ്വാസം. വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഏറെ മുന്നിലെന്ന് അഹങ്കരിക്കുന്ന നാം കേരളീയർ തന്നെയാണത്രെ ഇന്ത്യയിൽ സംസ്ഥാനങ്ങളുടെ കണക്കിൽ വരുമ്പോൾ ആത്മഹത്യയിൽ മുൻപന്തിയിലുള്ളതെന്ന് ഒരു വിരോധാഭാസമായിത്തന്നെ നിലനില്ക്കുന്നു.

വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യം സാമ്പത്തിക കാഴ്ച്ചപ്പാടിലൂന്നിയ ഒരു തൊഴിൽ എന്നതിൽ മാത്രമായി ഒതുങ്ങുന്ന ആധുനിക കാഴ്ച്ചപ്പാടിൽ നിന്നും ഏതു പ്രതിസന്ധിഘട്ടത്തിലും തളരാത്ത മനസ്സുള്ളൊരു വ്യക്തി എന്നതിലേക്കു കൂടി നമ്മുടെ കാഴ്ച്ചപ്പാടുകൾ മാറുന്ന ഒരു നല്ലൊരു പുലരി സ്വപ്നം കണ്ട് ....


Monday, October 28, 2013

ഗ്രാവിറ്റി (3D) യിൽ ബാക്കിയാവുന്നത് ...



ഭൌമേതര കാഴ്ചകളും പര്യവേഷണങ്ങളും മനുഷ്യ കുലത്തിന് എന്നും
ജിജ്ഞാസകളുടേയും കൌതുകങ്ങളുടേയും വാക്കുകൾക്കതീതമായ
വിസ്മയങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്. താൻ അധിവസിക്കുന്ന, ജീവൻ
എന്ന അമൂല്യ പ്രതിഭാസം ഉൾക്കൊള്ളുന്ന ഈ ഭൂമി വിട്ട് മനുഷ്യനെ
ഭൌമാന്തരങ്ങൾക്കപ്പുറത്തെ പര്യവേഷകനാക്കിയത് ഈ നീല
ഗ്രഹത്തെപ്പോലെ അല്ലെങ്കിൽ അതിനേക്കാളേറെ ജീവനനുയോജ്യമായ
മറ്റു ഗ്രഹങ്ങൾ കണ്ടെത്തുന്നതിലാണ്.

  'ഗ്രാവിറ്റി' എന്ന സിനിമ, തിരഞ്ഞെടുത്ത പ്രമേയം കൊണ്ട്  അതും
3D യിൽ ഒരു ദ്രൃശ്യ വിരുന്ന് ഒരുക്കിയെന്ന് നിസ്സംശയം പറയാം.
ഭൂമിയിൽ നിന്നും ഏറെയൊന്നും അകലെയല്ലാത്ത എന്നാൽ
വായുമണ്ഡലം തീരെയില്ലാത്ത ശൂന്യാകാശത്തിൽ വിക്ഷേപിച്ച
ബഹിരാകാശ വാഹനത്തിൽ ഭൂമിയിൽനിന്നുള്ള
നിർദ്ദേശങ്ങൾക്കനുസരിച്ച് ആ ഭീമാകാര നിലയത്തിൽ അറ്റകുറ്റപ്പണികൾ
ചെയ്തുകൊണ്ടിരിക്കുന്ന പര്യവേഷകരും അവരുടെ ഒഴുകി നടക്കലും
ഒരു സാധാരണ കഴ്ച്ചക്കാരനെ ദ്രൃശ്യ വിസ്മയത്തിലാറാടിക്കും ;
തീർച്ച . ഇത്തരം കാഴ്ചകൾക്കുമപ്പുറത്താണ് നീല നിറത്തിൽ കുളിച്ച്
മേഘ സാന്ദ്രതയിൽ ഒരുപാട് നിഗൂഢ വിസ്മയങ്ങൾ ഒളിപ്പിച്ച് ,
'അദ്രൃശ്യ' ശക്തിയുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് സ്വയം പ്രദക്ഷിണം
വെക്കുന്ന ഭൂമിയുടെ പശ്ചാത്തല ദ്രൃശ്യങ്ങൾ ..

 ഒരു ദ്രൃശ്യ വിസ്മയം എന്നതിലുപരി ഗ്രാവിറ്റിയെന്ന സിനിമ
ഓർമ്മപ്പെടുത്തുന്ന ചില കാര്യങ്ങളുണ്ട് ..

*  ഭൌതികതയെന്ന വ്യവസ്ഥാപിത ചുറ്റുപാടിൽ നിന്നും ഒരാൾ
ശൂന്യാകാശത്തിലെത്തപ്പെടുന്നു, അനന്തമായ പ്രപഞ്ചം അതിനുമപ്പുറത്ത്
ശത കോടി നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉൾക്കൊള്ളുന്ന
എണ്ണിയാലൊടുങ്ങാത്ത ഗ്യാലക്സികൾ തീർച്ചയായും അയാളുടെ
കാഴ്ചപ്പാടുകളെ തീർച്ചയായും മാറ്റിമറിക്കില്ലേ ?.. പരീക്ഷണങ്ങളെ
നേരിടുന്ന സാന്ത്രാ ബുള്ളൊക് അവതരിപ്പിക്കുന്ന കഥാപാത്രം 
 ഈ പ്രപഞ്ചത്തിന്റെ ചലനങ്ങളെ നിയന്ത്രിക്കുന്ന ആ അദ്രൃശ്യ ശക്തിയിൽ 
ഒരിക്കലെങ്കിലും എല്ലാം സമർപ്പിക്കുന്നുണ്ട് .

* അടുത്തത്  വരും കാലത്ത് ഭൂമി നിവാസികൾ നേരിടേണ്ടി വരുന്ന
ഒരു ദുരന്തമാണ് .ഓരോ രാജ്യവും അവരവരുടെ അതിരുകളില്ലാത്ത
 ശൂന്യാകാശമെന്ന  ലോകത്ത് അധീശത്വം സ്ഥാപിക്കാൻ വിക്ഷേപിക്കുന്ന
ഉപഗ്രഹങ്ങളും മറ്റും സ്പേസിനെ ഒരു മാലിന്യക്കൂമ്പാരമാക്കി
മാറ്റിക്കൊണ്ടിരിക്കുന്നു. അതിനു പുറമേ കാലാവധി കഴിഞ്ഞ
ഉപഗ്രഹങ്ങളും മറ്റും ഭൂമിയിൽ നിന്നുള്ള 'നിയന്ത്രണം' വിട്ട് അനാഥ
പ്രേതങ്ങളെപ്പോലെ ഒഴുകി നടക്കുകയാണ്. ഒന്നു കൂടി
വ്യക്തമാക്കിയാൽ "ട്രാഫിക്കില്ലാത്ത ഹൈവേ പോലെ" എപ്പോഴും ഒരു
കൂട്ടിയിടി മുന്നില്ക്കണ്ട് എന്നു ചുരുക്കം.

( ഈ അടുത്ത കാലത്ത് റഷ്യയുടെ ഉപയോഗ ശൂന്യമായ ഒരു ഉപഗ്രഹം
 ആവാസ മേഖലയിൽ പതിക്കുമെന്നുള്ള മുന്നറിയിപ്പിനെത്തുടർന്ന്
പരിഭ്രാന്തരായ ലോകം തല നാരിഴക്കാണല്ലോ ആ ദുരന്തത്തിൽ നിന്നും
രക്ഷപ്പെട്ടത്. ഭൂമിയുടെ അന്തരീക്ഷത്തിൽ വെച്ച് മുക്കാൽ ഭാഗവും
കത്തിത്തീർന്ന ആ ദുരന്ത വാഹകൻ പസഫിക്കിന്റെ അന്തരാളങ്ങളിൽ
നിരവ്രൃതിയടഞ്ഞു എന്നാണ് പിന്നീട് കിട്ടിയ വാർത്ത.)

 ശൂന്യതയെന്നത് അതി നിഗൂഢതകൾ ഉൾക്കൊള്ളുന്ന ഒരു
പ്രതിഭാസമാണ്. അത് മനുഷ്യ കുലത്തിന് ജിജ്ഞാസകൾക്കതീതമായി
ജീവനെന്ന പ്രതിഭാസത്തെ അപ്രാപ്യമാക്കുന്നു. അതു കൊണ്ടാണല്ലോ
ശൂന്യത ഒരു ശാപമാവുന്നിടത്ത് പ്രധാന കഥാപാത്രമായ റയാന്‍ സ്റ്റോണ്‍
'ശൂന്യതയെ വെറുക്കുന്നു' എന്ന പ്രഖ്യാപനം നടത്തുന്നത്.

 മരണത്തെ മുഖാമുഖം കണ്ട് ഒരു വിധേന രക്ഷ നേടി ഭൂമിയുടെ ജീവ
ജലത്തിൽ വന്ന് വീഴുമ്പോൾ ഒരു സ്വർഗ്ഗത്തിലെത്തിയെന്ന പോലെ
അനുഭൂതിയിലായിരുന്നു. അതെ... ഭൂമി തന്നെയാണ് യഥാർഥ
സ്വർഗ്ഗമെന്ന് തിരിച്ചറിഞ്ഞ നിമിഷം !.

ഭൂമീ ദേവിയുടെ മാറിൽ കിടന്ന് ഒരു പിടി കുതിർന്ന മണ്ണെടുത്ത്
മാറോടടുപ്പിക്കുമ്പോൾ അറിയാതെ പറഞ്ഞു പോകും; പ്രപഞ്ചത്തിന്റെ
ഏതെങ്കിലുമോരത്ത് മറ്റൊരു 'ഭൂമി'യെ കണ്ടെത്തിയാലും മനുഷ്യ
കുലത്തിന് ഭൂമിയെന്ന അമ്മയെ ഒരിക്കലും പിരിയാനാവില്ല എന്ന
സത്യം ..

ശൂന്യാകാശത്തു നിന്നും വരുന്ന ഉപഗ്രഹാവശിഷ്ടങ്ങൾ ഭൂമിയുടെ
അന്തരീക്ഷത്തിൽ എരിഞ്ഞടങ്ങുന്നു. ഭൂമിയുടെ എണ്ണിയാലൊടുങ്ങാത്ത
സവിശേഷതകൾ ഒന്നു കൂടി ഒർമ്മപ്പെടുത്തുന്നിടത്ത് സിനിമ
അവസാനിക്കുന്നു. എന്നാൽ പ്രപഞ്ചമെന്ന അനന്തസീമമായ
 നിഗൂഢതകളെക്കുറിച്ച് പ്രേക്ഷകൻ ഒന്നുകൂടി മനസ്സിരുത്തി ചിന്തിച്ചു
 തുടങ്ങുകയും ചെയ്യുന്നു.


 (ഇതൊരു ആസ്വാദനം മാത്രമാണെന്നുള്ളത് ഒന്നു കൂടി ഓര്‍മ്മപ്പെടുത്തട്ടെ).

Sunday, October 13, 2013

വാര്‍ദ്ധക്യം





ആദ്യനരയുടെ പുതുനാമ്പുകള്‍ കറുത്ത മുടിയിഴകളെ തഴഞ്ഞ് വെളിയിലേക്ക് തലനീട്ടിയപ്പോഴാണ്‌ വാര്‍ദ്ധക്യമെന്ന അവസാന ഘട്ടത്തില്‍ താന്‍ എത്തിയിരിക്കുന്നെന്ന യാഥാര്‍ത്ഥ്യം അയാളറിഞ്ഞത്. തലച്ചോര്‍ പിളര്‍ന്ന് തന്റെ ഓര്‍മ്മകളെക്കൂടി പിഴുതെടുത്ത് ആ നരകള്‍ പുറത്തെറിയുന്ന പോലെ തോന്നി. ഇത്രയും കാലം മനസ്സിനൊപ്പം സഞ്ചരിച്ചിരുന്ന തന്റെ ശരീരം ഇനി മുതല്‍  ഉമ്മറപ്പടിയിയിലുള്ളചാരുകസേരയില്‍ മാറാലകെട്ടിയമനസ്സുമായി ഇരുന്നുപോകുമെന്ന യാഥാർഥ്യം അയാളുടെ ചിന്താമണ്ഡലങ്ങളെ  മഥിച്ചുകൊണ്ടിരുന്നു.


  കാലം പൽ‌ച്ചക്ക്രമായി. വാർദ്ധക്യമെന്ന രണ്ടാം ബാല്യം അയാളെ ചിന്തകളുടെ  അഗാധ പടുകുഴിയിലേക്ക് തള്ളി.പ്രകൃതി അയാള്‍ക്ക് ചരമ ഗീതം പാടിക്കൊണ്ടിരുന്നു. പക്ഷികളും മൃഗങ്ങളും അതേറ്റുപാടി. രണ്ടു നാഴികക്കപ്പുറത്തുള്ള  പള്ളിക്കാട്ടില്‍ നിന്നും വീശിക്കൊണ്ടിരുന്ന കാറ്റിന് ആത്മാക്കളെ വലിച്ചെടുത്ത  മൈലാഞ്ചിച്ചെടികളുടെ മണമുണ്ടായിരുന്നു. പള്ളിക്കാട്ടിലെ ഇരുണ്ട  നിശബ്ദതയെഭേദിച്ച് ചീവീടുകളുടെ മരണഗീതങ്ങൾ തനിക്കുള്ള വിലാപഗീതം  പോലെയെന്നയാൾക്ക് തോന്നി.

  തുള്ളിക്കൊരു കുടം കണക്കെ പെയ്ത വേനൽ മഴ തല്‍ക്കാലത്തേക്ക് മാറിനിന്ന, വസന്തത്തിന്റെ പിൻവാങ്ങൽ വിളംബരം ചെയ്ത്  തൊടിയിലെ മൂവാണ്ടന്‍ മാവിലെ  അവസാനത്തെ മാങ്ങയും ഞെട്ടറ്റു വീണ, ദേശാടനപ്പക്ഷികള്‍ യാത്ര പറഞ്ഞ്  ചിറകടിച്ചു പറന്ന  ആ രാത്രിയില്‍ .. ജനാലപ്പാളി കടന്നുവന്ന കാറ്റിന് പതിവിനു വിപരീതമായി എന്തോ പറയാനുണ്ടെന്ന് അയാളുടെ മനസ്സ് മന്ത്രിച്ചു.

  മയ്യത്തുകട്ടിലിന്റെ നാലു കാലിലും അന്നാദ്യമായി നാലുമക്കളെയും ഒരുമിച്ചുകണ്ടപ്പോള്‍  ആ വൃദ്ധന് അന്നാദ്യമായി പൊട്ടിക്കരയണമെന്ന് തോന്നി. പക്ഷെ .... വരിഞ്ഞു മുറുക്കിയ മൂന്നുമുഴം തുണിക്കുള്ളില്‍ അയാള്‍ നിസ്സഹായനായിരുന്നു.

Sunday, September 29, 2013

ഒരു മിനിക്കഥ



കോളക്കമ്പനിക്കെതിരായുള്ള തുടർ സമരങ്ങളിൽ വളരെ ശക്തമായി പ്രസംഗിച്ച്‌ കയ്യടിനേടിയ നേതാവ്‌ ,അടുത്ത സമരപ്പന്തലിലേക്കുള്ള യാത്രയിൽ കാറിലിരുന്ന്‌ കോള നുകർന്ന്‌ , അടുത്ത തീപ്പൊരി പ്രസംഗത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു.

Wednesday, September 25, 2013

പ്രഹേളിക

    







 നല്ല ചാറ്റല്‍ മഴയും പേരിനു തണുപ്പുമുള്ളൊരു കൊച്ചുവെളുപ്പാന്‍ കാലത്ത്‌ ഉദ്യോഗാര്‍ത്ഥം തലസ്ഥാന നഗരിയിലേക്കുള്ള യാത്രയിലായിരുന്നു ഞാന്‍ .  അലാറം അടിച്ചിരുന്നതിലും പത്തു മിനിറ്റോളം വൈകിയാണു കിടക്കയില്‍നിന്ന് എണീക്കാന്‍ കഴിഞ്ഞത്. തണുപ്പും മഴയും മൂടിപ്പുതച്ച്‌ കിടക്കാനുള്ള എന്റെ ആഗ്രഹത്തിനു കുരവയിട്ടെങ്കിലും 'ജോലി' യോടുള്ള എന്റെ 'ആത്മാര്‍ത്ഥത' എന്നെ കിടക്കപ്പായയില്‍ നിന്നും എഴുന്നേല്‍പ്പിച്ചു ...

ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി ഞാന്‍ എല്ലാവരോടും സലാം പറഞ്ഞ്‌ വീടിനു പുറത്തിറങ്ങി. നേരിയ ചാറ്റല്‍ മഴ വഴിയിലാകെ മഞ്ഞ്‌ പെയ്യുന്നതു പോലെ തോന്നിച്ചു . ഇടവഴിയിലെങ്ങും ചെളി വെള്ളം കെട്ടിക്കിടക്കുന്നു, ഒരു ചെളിക്കെട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ചാടിയതു മറ്റൊരു ചെളിക്കെട്ടിലായിരുന്നു..അങ്ങനെ ശ്രദ്ധയോടെ നനക്കില്ലാന്ന് വിചാരിച്ചിരുന്ന എന്റെ പുന്നാര 'പാന്റ്‌' വെള്ളത്തില്‍ കുളിച്ച്‌ കണ്ണീര്‍ വാര്‍ത്തുകൊണ്ടിരുന്നു....

ഇടവഴി പിന്നിട്ട്‌ ടാറിട്ട നിരത്തി കയറി. ഇടക്കെപ്പോഴോ അക്കരെക്കാട്ടില്‍ റബ്ബര്‍  വെട്ടിവരുന്ന കുഞ്ഞീന്റെ ടിവിയെസ്സ്‌ പൊട്ടിക്കരഞ്ഞും പോയതൊഴിച്ചാല്‍ ബസ്റ്റോപ്പിലെത്തും വരെ വേറെ ഒരു വാഹനത്തിനേയും കണ്ടില്ല.

അകലെ നിന്നു നോക്കിയപ്പൊഴേ അരോ ബസ്റ്റോപ്പില്‍ നില്‍ക്കുന്നത്‌ കണ്ടു , അടുത്തെത്തിയപ്പോഴാണു ആളെ മനസ്സിലായത്‌ ..പറയന്‍ രാമേട്ടന്‍ ! അടുത്തുള്ള സിമന്റ്‌ തറയില്‍ പത്തൊ പതിനഞ്ചോ മുറങ്ങ ള്‍ അടുക്കി വെച്ചിരുക്കുന്നു, പെരുന്തല്‍മണ്ണയിലേക്കുള്ള ആനവണ്ടിയും കാത്ത്‌ അക്ഷമനായി നില്‍ക്കുകയായിരുന്നു അയാള്‍്‌..തന്റെ വാര്‍ദ്ധക്യ സഹജമായ ചുമയേയും ക്ഷീണത്തേയും വകവെക്കാതെ ആ കുളിരുന്ന തണുപ്പിലും ചാറ്റല്‍ മഴയിലും അയാള്‍ ബസ്സ്‌ വരുന്നതും കാത്ത്‌ ശൂന്യതയിലേക്കും കണ്ണും നട്ടിരുന്നു..

ഒരു പുഞ്ചിരിയോടെ സംസാരം തുടങ്ങിയെങ്കിലും എന്റെ മനസ്സു മുഴുവനും ആ വൃദ്ധന്റെ ചെറ്റക്കുടിലിലെ പട്ടിണി വയറുകളായിരുന്നു.. ആ കുറച്ചു മുറങ്ങള്‍ വിറ്റാല്‍  കിട്ടുന്ന തുക അവരുടെ ചിലവിനു തന്നെ കഷ്ടിയാണ്‌ ..പണ്ട്‌ അമ്പലപ്പാറ മലയില്‍ നിന്നും ഓടക്കെട്ട്‌ തലയില്‍ വെച്ച്‌ താളത്തില്‍ നടന്നുവരുന്ന സ്ത്രീകളെ കാണാറുണ്ടായിരുന്നു..ഇപ്പൊ നിയമത്തിന്റെ നൂലാമാലകളില്‍ അവിടെന്നുള്ള ഓട വരവും നിലച്ചു..ഇപ്പൊള്‍ വരുന്നത്‌ അങ്കമാലീന്നാണെന്നു രാമേട്ടന്‍ പറഞ്ഞു .. കിട്ടിയ മുളയും ഓടയും വെച്ച്‌ ഇതൊക്കെ ഉണ്ടാക്കിയാ തന്നെ വാങ്ങാനും ആളില്ല (പ്ലാസ്റ്റിക്ക്‌ ഉണ്ടല്ലോ എന്തിനും ! ) കുലത്തൊഴില്‍ ഇതായതുകൊണ്ട്‌ മരണം വരെയും ഈ ജോലിതന്നെ ചെയ്യുമെന്നു പറഞ്ഞു തീര്‍ന്നപ്പൊഴേക്കും ആ വൃദ്ധന്റെ ഖണ്ഡമിടറി...


ഞാന്‍ ഇടിഞ്ഞ്‌ വീഴാറായ പഞ്ചായത്ത്‌ കെട്ടിടത്തിന്റെ വശത്തേക്ക്  ദൃഷ്ഠി  മാറ്റി..

  പുറത്ത്‌ ചാറ്റല്‍ മഴ കനക്കുന്നു... കുളിര്‍ക്കാറ്റ്‌ തേടി ശോകമൂകതയില്‍  എന്റെ മനസ്സ്  വിങ്ങിക്കൊണ്ടിരുന്നു  ......

കൊടക്കമ്പി പുരാണങ്ങള്‍ !

             തിരാവിലെത്തന്നെ പെമ്പ്രന്നോത്തിയുടെ ഓട്ടം തുള്ളല് കണ്ടു കൊണ്ടാണ് അന്നു ആലിക്ക എഴുന്നേറ്റ് കോലായിലേക്ക് വന്നത്. ഇന്നലത്തെ കാറ്റും മഴയും കാരണം വളരെ വൈകിയാണു ആലിക്കക്ക് വീട്ടിലെത്താന്‍ കഴിഞ്ഞത്. 'എന്തൊരു കാറ്റും മഴയുമായിരുന്നു പടച്ചോനേ!" ആലിക്ക ആത്മഗതം ചെയ്തു.. തുടര്‍ന്ന് കെട്ട്യോള്ടെ പ്രശ്നപരിഹാരത്തിലേക്ക് പ്രവേശിച്ചു  ... കാരണം മറ്റൊന്നുമല്ല -വീട്ടിലെ ഫ്രിഡ്ജ് ഇന്നലത്തെ ഇടിമിന്നലില്‍ അടിച്ചു പോയിരിക്കുന്നു (ഈ വാര്‍ത്ത ആലിക്കാനെ തെല്ലു സന്തോഷിപ്പിക്കുകയാണു ചെയ്തത്, കാരണം ഒന്നും രണ്ടും ദിവസം ഈ കുന്ത്രാണ്ടത്തില് തണുപ്പിച്ചാണു ഓള്ടെ പാചകം , അതിനു ഇനി ഒരാഴ്ചത്തേക്കെങ്കിലും നല്ല ഭക്ഷണം കഴിക്കാലോ >>)

  കരണ്ട് ഏമാമ്മാര് തന്ന എട്ടിന്റെ പണിയെപ്പറ്റി ഓര്ത്ത് പോക്കര്‍ സായ്‌വിന്റെ മക്കാനീക്ക് വച്ച് പിടിച്ചു..എന്നാലും ഒരു എല അനങ്ങുമ്പോഴേക്കും കരണ്ട് പോകുന്ന ഇന്നാട്ടില് ഇന്നലെ എന്തു പറ്റി ? , തോമസിന്റെ റബ്ബര്പീട്യേല് ക്രിസ്തു രൂപത്തിന്റെ ചോട്ടില് മിനുങ്ങുന്ന അരണ്ട വെളിച്ചം പോലെയാണു നാട്ടില് കാറ്റ് അടിച്ചാലുള്ള കഥ..കരണ്ട് ആപ്പീസീന്ന് ആള് വന്നു നോക്കുമ്പഴേക്കും രണ്ട് ദിവസം കഴിയും..എന്തായാലും ഇന്നലത്തെ വിശേഷങ്ങള് മക്കാനിയില് ചര്ച്ചയാവാനാണു സാധ്യത..കരണ്ട് ഏമാമ്മാര് തന്ന എട്ടിന്റെ പണിയെപ്പറ്റി ഓര്ത്ത് പോക്കര്‍ സായ്‌വിന്റെ മക്കാനീക്ക് വച്ച് പിടിച്ചു..എന്നാലും ഒരു എല അനങ്ങുമ്പോഴേക്കും കരണ്ട് പോകുന്ന ഇന്നാട്ടില് ഇന്നലെ എന്തു പറ്റി ? , തോമസിന്റെ റബ്ബര്പീട്യേല് ക്രിസ്തു രൂപത്തിന്റെ ചോട്ടില് മിനുങ്ങുന്ന അരണ്ട വെളിച്ചം പോലെയാണു നാട്ടില് കാറ്റ് അടിച്ചാലുള്ള കഥ..കരണ്ട് ആപ്പീസീന്ന് ആള് വന്നു നോക്കുമ്പഴേക്കും രണ്ട് ദിവസം കഴിയും..എന്തായാലും ഇന്നലത്തെ വിശേഷങ്ങള് മക്കാനിയില് ചര്ച്ചയാവാനാണു സാധ്യത..

  ലോകവിചാരം, രാഷ്ട്രീയമീമാംസ, ലൊട്ട് ലൊടുക്ക് , കൊടച്ചക്ക്രം എന്നിത്യാതി കാര്യങ്ങള് വരെ ചര്ച്ച ചെയ്യുന്ന മക്കാനി ചര്‍ച്ചാ മേധാവികള് ഇന്ന് ചര്ച്ചക്കിട്ടിരിക്കുന്നത് നാട്ടില്‍ സംഭവിച്ച പ്രശ്നമാണെന്നു പീടികയിലേക്കു കയറിച്ചെന്നപ്പഴേ മനസ്സിലായി..തന്റെ വീട്ടില് നടന്നിരിക്കുന്ന സംഭവം നാട്ടിലെ ഓരോവീട്ടിലുമായി നടന്നിരിക്കുന്നു..പടിഞ്ഞാറു ഹംസക്കാന്റെ വീട്ടിലെ ടീവീം അലക്കുയന്ത്രോം കത്തിപ്പോയിരിക്കുന്നു, തരിശില് രാമന്റെ വീട്ടില് ഒരു ബള്ബ് ഒഴിച്ച് എല്ലാ ട്യൂബും കത്തി..അങ്ങനെ ഓരോരുത്തരുടെയും കഥനകഥകള്‍ കേട്ടുകൊണ്ടിരിക്കുന്നതിനിടക്കാണു കോളനീല് റബ്ബര്‍ വെട്ടാന്‍ പോകുന്ന കുന്നുംപുറത്ത് സൈതലവി ഓടിക്കിതച്ച് വരുന്നത്.  നാടിനെ ഗ്രസിച്ചിരിക്കുന്ന പ്രശ്നനത്തിന്റെ കാതലായ എന്തോ ഒന്നുമായിട്ടാണു അയാള് വരുന്നതെന്നു ആലിക്ക വിചാരിച്ചു .. അതു ശരിയായിരുന്നു താനും ..., ഓടിക്കിതച്ചു വന്ന് ശ്വാസം നേരെ കഴിക്കാന്‍ പോലും നില്‍ക്കാതെ സൈതാലി പറഞ്ഞ സംഭവത്തിന്റെ കാതലായ ഭാഗം ഇപ്രകാരമായിരുന്നു ..

  " കഴിഞ്ഞ കുറേ ദിവസമായി നാട്ടില് തുടര്ച്ചയായി കരണ്ട് പോകുക പതിവായിരുന്നു, പോയാല്‍ത്തന്നെ കരണ്ടാപ്പീസ്സീന്നു ആള് വന്നു നേരാക്കുമ്പോഴേക്കും ദിവസം രണ്ട് കഴിയും, രണ്ട് ദിവസം മുമ്പ് ഇതുപോലെ കരണ്ട് പോയത് രാത്രി ഏതോ ഫുട്ബോള് കളി നടക്കുന്ന സമയത്തായിരുന്നു, നമ്മടെ കോളനീലുള്ള ചെക്കന്മാര് ഫോണില് വിളിച്ച് പറഞ്ഞെങ്കിലും അവിടുന്ന് ആരും വന്നില്ല .. അതിനാല് അവര് തന്നെ കോളനിക്കടുത്തുള്ള ട്രാന്സോമറിന്റെ ഫ്യൂസു കെട്ടി ..എന്തു കൊണ്ടെ ന്നോ .."കൊടക്കമ്പി കൊണ്ട്" !

  "സൈതലവി ഇത് പറഞ്ഞ് തീര്ന്നപ്പൊഴേക്കും ആലിക്കയടക്കമുള്ളവരുടെ ചിന്താമണ്ഡലങ്ങളില് ഒരായിരം സീറൊ വാട്ട് ബള്‍ബുകള്‍  ഒരുമിച്ച് മിന്നിക്കൊണ്ടിരിക്കുകയായിരുന്നു...!!! 


Thursday, August 29, 2013

ഇടവേളയില്ലാത്ത ഒരു നാടകം.


                        


           മമ്മാലീനെ ഒരു ചാണിന്റെ രണ്ട് പെൻസില് കൊടുത്ത് ശട്ടം കെട്ടുമ്പോഴും മനസ്സിൽ തീരാത്ത ആധിയായിരുന്നു. കോമളം ടീച്ചറ് ഹാജറ് വിളി കഴിഞ്ഞ് പിന്നെയാണ് തലേന്ന് വരാത്തവരുടെ പേരുകൾ ഹാജറ് പട്ടികയിൽനിന്ന് ചികഞ്ഞെടുക്കുന്നത്. ഇന്ന് ആ കൂട്ടത്തിൽ ഞാനുമുണ്ടാവും.

ഞാൻ മയമ്മാലീനോട് ഇന്നലെ ആരൊക്കെയാണ് വരാതിരുന്നതെന്ന് ചോദിച്ചു. “ജ്ജ് ഒയിച്ച് ബാക്കില്ലോരെല്ലാരും വന്ന്ക്ക്ണ്”.

അത് കേട്ടതും നെഞ്ചിന്റെ ഇടതുഭാഗത്തായി ഊക്കോടെ രണ്ട് ചാട്ടം അനുഭവപ്പെട്ടു. കാലിന്റെ പെരുവിരലിൽ നിന്ന് തൊടങ്ങി ശരീരമാസകലം വ്യാപിക്കുന്ന ഒരു വിറയലും. കൂടാതെ വല്ലാത്തൊരു മൂത്ര ശങ്കയും. ഏതൊരു സമയത്താണ് ഉമ്മ പറഞ്ഞതും കേൾക്കാതെ മമ്മതിക്കാന്റെ വീട്ടിലെ സൽക്കാരത്തിന് പൊവ്വ്വാൻ തോന്നീത്. ഹാജർ വിളി കഴിഞ്ഞുള്ള ടീച്ചറുടെ വിചാരണയെക്കുറിച്ചോർത്തപ്പോൾ നെഞ്ചിൻകൂടിൽ വീണ്ടും തട്ടലും മുട്ടലും കേട്ടുതുടങ്ങി..

സംഗതി രണ്ടാം ക്ലാസിലാണെങ്കിലും ലീവിന്റെ കാര്യത്തിൽ ടീച്ചറ് കർക്കശയാണ്, ലീവാണെങ്കില് ഉപ്പാന്റെയോ ഉമ്മാന്റെയോ ഒപ്പോടുകൂടിയ കത്തുമായി വരണം. ആദ്യമൊക്കെ ഇത്താത്ത ലീവെഴെതി സഹായിച്ചെങ്കിലും എന്റെ ലീവെഴുതി എഴുതി അറിയാതെ ഒരു ദിവസം അവൾടെ ക്ലാസ്സ് പരീക്ഷക്ക് മറന്ന് എനിക്ക് ലീവെഴുതുന്ന ഓർമ്മയിൽ ഒരു ചോദ്യത്തിന് ഈ “ലീവ്” ആണത്രെ എഴുതീത്.

ആ സംഭവത്തിന് ശേഷം അവൾ എനിക്ക് ലീവെഴുതിത്തന്നിട്ടില്ല .(ഇത് എന്റെ ലീവെഴുത്തിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു നാടക്മായിരുന്നെന്ന് അവൾ എന്നോട് പിന്നീടാണ് പറഞ്ഞത് ) അതോടെ ലീവെഴുത്തും നിന്നു. പിന്നീടാണ് എന്റെ തന്നെ ക്ലാസ്സിൽ പടിക്കുന്ന, വീടിനടുത്തുതന്നെയുള്ള, മയമ്മാലീനെ ന്റെ “ഒസ്സ്യത്ത്“കാരനാക്കുന്നത്.

എന്തെങ്കിലും കാരണത്താൽ സ്കൂളിൽ വരാത്തതിന്റെ പിറ്റേന്ന് രാവിലെ മദ്രസയിൽ വെച്ച് അവനോട് കൂടിയാലോചിച്ച് വല്ല പനിയോ, വയറുവേദനയോ ആക്കും. പിന്നീട് സ്കൂളിൽ ടീച്ചറ് വരാത്തതിന് വിളിക്കുമ്പോൾ ക്ഷീണം അഭിനയിച്ച് തലകുമ്പിട്ട് നിൽക്കുമ്പോൾ മയമ്മാലി പിന്നിലെ ബെഞ്ചിൽനിന്നും വിളിച്ചുപറയും
“ ടീച്ചറേ… ഓന് പന്യെർന്നു ഇന്നലെ”
"അത്നിനക്കെങ്ങനെ അറിയുമെടാ?" ടീച്ചറ് അവനോട്തന്നെ ചോദിക്കും.
“ഞങ്ങ്ൾടെ പെരേന്റെ അട്ത്താണ് ഓലെ പെര.. പിന്നെ ന്നലെ ന്റെമ്മ ഓൽടെ പെരേല് പോയിർന്ന്. അപ്പൊ ഓനവിടെ പനിച്ച് കെടക്ക്യേർന്നൂന്ന് ഉമ്മ പറഞ്ഞ്” .ഇത് കേട്ടാൽ ടീച്ചർക്ക് എല്ലാം മനസ്സിലായ രീതിയിൽ തല കുലുക്കി പിന്നീടൊന്നും ചോദിക്കാതെ പോയി ബെഞ്ചിലിരുന്നോളാൻ പറയും.

പക്ഷെ ഇന്ന് അങ്ങനെയല്ല ! മേല്പറഞ്ഞ സംഭവം നടന്നിരിക്കുന്നത് മൂന്ന് ദിവസം മുമ്പാണ്. അതിനാൽ ഇന്ന് പുതിയൊരു കാരണം കണ്ടുപിടിച്ചാണ് അവനെ ശട്ടം കെട്ടിയത്. ശട്ടം കെട്ടുന്നതിന് അവന് കൂലിയുമുണ്ട്..അത് പെൻസിലോ,താഴെ പെട്ടിപ്പീട്യേന്ന് ഗ്യാസ് മിഠായിയോ നാരങ്ങ മിഠായിയോ വാങ്ങിക്കൊടുക്കണം.ഇന്നത്തെ “കൂലി” മുൻകൂറായി രണ്ട് മുഴുപ്പെൻസിലാണ് പഹയൻ എന്റെ കയ്യീന്ന് വാങ്ങ്യേത്.

ആദ്യ ബെല്ലടിച്ചു, പ്രാർത്ഥനക്ക് ശേഷം ബെല്ലടിച്ച് ബെഞ്ചിലിരിക്കുമ്പോൾ ടീച്ചർ ഇന്ന് അവധ്യായിരിക്കണേയെന്ന് ഒരിക്കൽ കൂടി കണ്ണടച്ച് പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ഗുഡ്മോണിങ് ടീച്ചർ എന്ന കൂട്ടക്കരച്ചിലും ബെഞ്ചുകൾ നിരങ്ങുന്ന ശബ്ദവും പ്രാർത്ഥനാലോകത്തുനിന്ന് എന്നെ തട്ടിവിളിച്ചു. പ്രതീക്ഷിച്ചതാവരുതേയെന്ന് പ്രാർത്ഥിച്ച് എണീറ്റ് നിൽക്കുമ്പോൾ ടീച്ചർ രണ്ട് പുസ്തകവും പിന്നെ ചൂരലിന്റെ വടിയും മേശപ്പുറത്ത് വെക്കുന്നതാണ് കണ്ടത്.

ഹാജർ വിളി കഴിഞ്ഞു, ക്ലാസ്സിലാകെ സൂചിനിലത്തിട്ടാൽ കേൾക്കുന്ന നിശബ്ദത അനുഭവപ്പെട്ടു, ടീച്ചർ ഹാജർ പട്ടികയിൽ നോക്കിക്കൊണ്ടിരിപ്പാണ്. എന്റെ ഹൃദയമിടിപ്പിന്റെ ശബ്ദം അടുത്തിരിക്കുന്നവന് കേൾക്കുന്നുണ്ടോന്ന് ഇടം കണ്ണിട്ട് നോക്കി. ഒടുവിൽ അതുതന്നെ സംഭവിച്ചു. എന്റെ പേരുമാത്രമാണ് വിളിച്ചത്.

ഒരു കുറ്റവാളിയെപ്പോലെ ഞാൻ ടീച്ചറിരിക്കുന്ന മേശക്കരികിലേക്ക് നടന്നു.എല്ലാ ദൃഷ്ടികളും എന്നിൽ കേന്ദ്രീകരിച്ചിരിക്കുന്നു.എന്നെ അടുത്തുനിർത്തി എന്താണ് ഇന്നലെ വരാതിരുന്നതെന്ന് ചോദിച്ചു, മറുപടിപറയാൻ മടിച്ച് നിന്നപ്പോൾ അവസാനബെഞ്ചിലിരുന്ന എന്റെ ഒരു ദേവദൂതനെപ്പോലെ മയമ്മാലിയാണ് മറുപടികൊടുത്തത്.

“ടീച്ചറേ , ഓന് ഇന്നലെ മൂക്ക്കില് പന്യേര്ന്ന്” !
"ങേ !" ടീച്ചർക്ക് ആശ്ചര്യമായി. " മൂക്കില് മാത്രം പനിയോ ? അതു ഞങ്ങൾക്കൊക്കെ ഉണ്ടല്ലോ .. സത്യം പറഞ്ഞോ..അല്ലെങ്കിൽ നിനക്കായിരിക്കും ആദ്യ അടി." ടീച്ചർ ചൂരലെടുത്ത് ചുഴറ്റി അവനെ നോക്കി പറഞ്ഞു. പേടിയോടെ എല്ലാ നാടകവും അവൻ ഇടവേളയില്ലാതെ പറഞ്ഞുതീർത്തു. എല്ലാം ഞാൻ അവനോട് പറയാൻ പറഞ്ഞിട്ടാണെന്നുവരെ..

ടീച്ചർ ഉത്തര അക്ഷാംശം 32^ ദിശയിൽ എന്നെ നോക്കി. കൂടെ ആ ക്ലാസ്സൊന്നടങ്കവും.

തിരിച്ച് ബെഞ്ചിലേക്ക് നീങ്ങുമ്പോൾ തുടയിലേറ്റ നീറ്റലേക്കാളേറെ മനസ്സിലായിരുന്നു നീറ്റൽ. പരിഹാസച്ചിരികളും തുറിച്ച് നോട്ടത്തിനിടയിലും എന്റെ ചിന്ത മമ്മാലിക്ക് കൊടുത്ത “ ഉപഹാരങ്ങൾ“ തിരിച്ചുവാങ്ങുന്നതിനെക്കുറിച്ചായിരുന്നു .
 

Thursday, May 2, 2013

എഡ്മണ്ട് ചെല്ലപ്പന്‍




    പണ്ട് ചെല്ലപ്പനാശാരീം രണ്ട് ശിങ്കിടിമാരും കൂടി കൂമന്‍ മല കേറാന്‍ പോയി. അത്യന്തം അപകടം പിടിച്ചതും,  കാട്ടു ജീവികളുടെ ശല്യവും അതിജീവിച്ച് ടിയാനും കൂട്ടരും രണ്ടാം നാള്കൂമന്ടെ മണ്ടേല്
 ചവിട്ടി. ആദ്യം കയറിയതിന് തെളിവായി എന്തെങ്കിലും അടയാളം വെക്കാന് മൂപ്പിലാന് ഒന്നും എടുക്കാത്തതിനാല് അവസാനം ഉടുത്തിരുന്ന കാവി മുണ്ട് ഒരു കോലില് കെട്ടി കൂമന്ടെ നെറ്കയില് കുത്തിവച്ചു. തലേല് കെട്ടിയിരുന്ന തോര്‍ത്ത് എടുത്ത് ഉടുമുണ്ടാക്കി ആശാരീം കൂട്ടാളികളും മലയിറങ്ങി..
ഇന്നും പഴമക്കാരന്റെ ചാളേല്  ഇരുന്നാല്കൂമന്റെ മണ്ടേല് നീലാകാശത്തിന്റെ പശ്ചാത്തലത്തില്‍ ആ കാവിക്കൊടി പാറിപ്പറക്കുന്നതു കാണാം.

പിന്‍ കുറിപ്പ്: ഞങ്ങള്‍ടെ നാട്ടിലെ ആദ്യത്തെ പര്‍വ്വതാരോഹകനായ  ചെല്ലപ്പനാശാരി പിന്നീട് എഡ്മണ്ട് ചെല്ലപ്പന്‍ എന്ന സ്ഥാനപ്പേര് സ്വീകരിക്കുകയും താമസിയാതെ കാലയവനികക്കുള്ളില്‍ മറയുകയും ചെയ്തു.

Saturday, March 9, 2013














   ഇന്ന്  സമൂഹത്തെയാകെ  ചോദ്യം  ചെയ്യുന്ന  സംഭവ വികാസങ്ങളാണ്  നടന്നുകൊണ്ടിരിക്കുന്നത് , സ്ത്രീകള്‍ക്ക്  നേരെയുള്ള  അതിക്ക്രമങ്ങള്‍ അതിന്റെ  മൂര്ധന്യതിയില്‍ എത്തി നില്‍ക്കുന്നു , മൂന്ന്  വയസ്സുകാരിയായ  നാടോടി  ബാലിക  പോലും  പീഡനത്തിനിരയായി  എന്നത്  സമൂഹ  മനസ്സാക്ഷിയെ  അക്ഷരാര്‍ത്ഥത്തില്‍  ഞെട്ടിച്ചിരിക്കുന്നു , വിദ്യാഭ്യാസത്തിലും  മറ്റു  സാമൂഹിക  ചുറ്റുപാടിലും  മറ്റു സംസ്ഥാനങ്ങള്‍ക്ക്  മാതൃകയാവേണ്ട നമ്മുടെ സംസ്ഥാനത്ത് തന്നെയാണ്  ഇങ്ങനെയൊരു  സംഭവമെന്നത്  അങ്ങേയറ്റം  ലജ്ജാകരമായി  തോന്നുന്നു . 
                  

                        ഒരു  കുറ്റവാളിയെ  കിട്ടിയ  സ്ഥിതിക്ക്  ഭരണകൂടത്തിന്‌  തലയുയാര്താം , പക്ഷെ  അതിനെക്കാളുപരി  ഇനിയെങ്കിലും  ഇത് പോലെയുള്ള  നീച കൃത്യങ്ങള്‍  സമൂഹത്തില്‍  പടരാതെ  നോക്കേണ്ടത്  നാം  ഓരോരുത്തരുമാണ് , ഇക്കാര്യത്തില്‍  ഇലക്ട്രോണിക്  മീഡിയകള്‍ക്കുള്ള  പങ്ക്  വളരെ വലുതാണ്‌ .  ഇക്കാര്യത്തിലെങ്കിലും  ഭരണ പ്രതിപക്ഷ  ഭേദമന്യേ  എല്ലാവരും ഒറ്റക്കെട്ടായി  നില്‍ക്കുകയാണെങ്കില്‍  തീര്‍ച്ചയായും  നമുക്ക്  ഇങ്ങനെയുള്ള  അതിക്രമങ്ങള്‍  നിയന്ത്രിക്കാന്‍  കഴിയും  . ലോക  വനിതാ ദിനമായ  മാര്‍ച്ച്‌  8 നു മാത്രം  സ്ത്രീകളെ  ബഹുമാനിക്കുന്നതിനു  പകരം  എക്കാലവും നമുക്ക്  അവരെ ബഹുമാനിക്കാന്‍  കഴിയട്ടെ  എന്ന്‍  ആത്മാര്തമായി  പ്രാര്‍ത്ഥിച്ചു  കൊണ്ട്    .....



  സ്നേഹത്തോടെ 

Monday, March 4, 2013





കുഴി വെട്ടി  മൂടിയ എന്‍ മോഹങ്ങളെപ്പോഴോ -
കിളിര്‍ത്തു ,  ഒരു  പാഴ്ചെടി  കണക്കെ . . . .