Saturday, February 28, 2015

അങ്ങനെ ഒരവധിക്കാലത്ത്‌.

                               
............................................................................................................................................................



                                             പൊരുതൽ മലയും കടന്ന് കറുത്തിരുണ്ട മഴമേഘങ്ങൾ വിരുന്നെത്തുമ്പോൾ ഞങ്ങളുടെ നാട്‌ വേനൽക്കാലത്തിന്റെ ആഘോഷത്തിമിർപ്പിലാണ്‌. അവധിക്കാലമായിരുന്നതിനാൽ മാങ്ങപെറുക്കിയും ചക്കതിന്നും പലതരം കളികൾ കളിച്ചും നടക്കും. കളികളിൽ പ്രധാനമായും തലമ്മപ്പന്ത്‌, ഗോലി, പാറമ്മെത്തോണ്ടി ഒക്കെയാണ്‌ . അങ്ങനെ സർവ്വസ്വതന്ത്രരായി കളിച്ചുനടക്കുമ്പോഴാണ്‌ ചെറിയൊരു ഇടിമുഴക്കത്തോടെ മഴയുടെ വരവ്‌. അതോടെ ഞങ്ങളെല്ലാം പേടിയോടെ വീടുകളിലേക്ക്‌ വലിയും.


മഴ ഇഷ്ടമില്ലാത്തവരായി ആരുണ്ട്‌ !. പക്ഷെ, ഇടിയും മിന്നലും പേടിയുള്ളതുകൊണ്ട്‌ അകത്തെ ഇരുണ്ട മുറിയിൽ വീട്ടിലെ പെണ്ണുങ്ങളും കുട്ടികളും കൂട്ടംകൂടിയിരിക്കും. എന്നാലും ഇടിയുടെ ശബ്ദം തറയേയും ചുമരുകളേയും വിറപ്പിച്ച്‌ ദൂരേക്കെങ്ങോ അലയടിച്ച്‌ പോവുന്നത്‌ കേൾക്കുമ്പോൾ ചെറിയൊരു പേടി ഉള്ളിൽ നിറയും. മൂത്തവരൊക്കെ മൗനമായി പ്രാർത്ഥിച്ച്‌ നിൽക്കുമ്പോൾ ചെറിയ കുട്ടികൾ കരയും. ഇതൊക്കെ കണ്ട്‌ കട്ടിലിന്റെ ഒരു ഓരത്ത്‌ കൂനിപ്പിടിച്ച്‌ ഇരിക്കുകയാവും ഞാൻ .


ഇടിക്കോള്‌ തെല്ലൊന്നടങ്ങുമ്പോൾ ഇത്താത്തയാരെങ്കിലും കിളിവാതിൽ തുറക്കും. മണ്ണിന്റെ മണവും പേറി ഒരു തണുത്ത കാറ്റ്‌ ആ കുടുസ്സുമുറിയിലേക്ക്‌ അടിച്ചിറങ്ങും. നോക്കുമ്പോൾ കാണാം നേരിയ ചാറ്റൽ മഴയിൽ തൊടിയിലെ മൂവാണ്ടൻ മാവും പുളിമരവും വാഴയുമെല്ലാം തണുത്ത്‌ വിറച്ച്‌ നിൽക്കുന്നത്‌.


മഴതോർന്നു എന്നുതോന്നുമ്പൊഴേക്കും ഞങ്ങൾ കുട്ടികൾ തൊടിയിൽ മാവിന്റെ ചോട്ടിലെത്തിയിട്ടുണ്ടാവും. ദിവസങ്ങളായി കല്ലെടുത്തെറിഞ്ഞാൽ തട്ടാതിരുന്ന മാങ്ങവരെ ആ മഴയിൽ വീണിട്ടുണ്ടാവും. ചിലർക്ക്‌ പഴുത്തത്‌, ചിലർക്ക്‌ മൂത്തത്‌ അല്ലെങ്കിൽ വെറും പച്ച എന്നിങ്ങനെയൊക്കെയാണ്‌ കിട്ടുക. എനിക്ക്‌ കൂടുതലും നല്ല പഴുത്തതാണ്‌ കിട്ടാറുള്ളത്‌. പക്ഷെ എടുത്തുനോക്കുമ്പോൾ മറുവശം അണ്ണാനോ വാവലോ ചപ്പിയിട്ടുണ്ടാവെമെന്ന് മാത്രം. grin emoticon അസൂയക്ക്‌ മരുന്നില്ല എന്ന് പറയുന്നതെത്ര ശരി, അവരെയൊക്കെ ആ ചെറിയ പുളിമരത്തിന്റെ ചോട്ടിലേക്ക്‌ തന്ത്രപൂർവ്വം വിളിച്ചുവരുത്തി ഒറ്റ കുലുക്കലാണ്‌ .... ഹാ ..ഒരു ചെറിയ മഴ എല്ലാവരും നനയും .. കുലുക്കിയ ഞാൻ അതിലേറെയും. grin emoticon


മഴയുടെ ശക്തി കുറയുമ്പൊഴേക്കും കിഴക്കേ പാടത്തിനപ്പുറത്തെ തോട്ടിൽനിന്നും മലവെള്ളം കുത്തിയൊലിച്ചുപോവുന്ന ശബ്ദം കേൾക്കാം. കിഴക്കേതൊടിയുടെ അതിർത്തിക്കപ്പുറത്ത്‌ തോടിനിരുവശത്തുമുള്ള പാടങ്ങളും തോടും ഒരേനിരപ്പിലായിരിക്കും. എന്നോ ഇതുപോലൊരു മഴക്കാലത്ത്‌ ഒരു ചെറിയ ആനക്കുട്ടി ഇതിലൂടെ ഒഴുകിവന്നിട്ടുണ്ടതെ !. അതിശയത്തോടെ കാഴ്ചകണ്ട്‌ നിൽക്കുമ്പൊ വല്ല്യുമ്മ പറഞ്ഞതാണ്‌. താഴെ ചില ആളുകൾ ഉച്ചത്തിൽ സംസാരിക്കുന്നത്‌ കേൾക്കാം. പാടത്ത്‌ പണിയാൻവന്ന ചെറുമക്കളായിരിക്കുമെന്ന് തോന്നുന്നു. മഞ്ഞയും തവിട്ടും കലർന്ന മലവെള്ളം അട്ടഹാസത്തോടെ കുത്തിയൊലിച്ച്‌ സംഹാരതാണ്ഡവമാടി തെക്കോട്ട്‌ ഒഴികിപ്പോകുന്നത്‌ കാണുമ്പോൾ തലേന്നുവരെ നീരൊഴുക്കുപോലും വറ്റിക്കൊണ്ടിരുന്ന ഒരു തോടായിരുന്നിതെന്ന് വിശ്വസിക്കാൻപോലും പ്രയാസം.


അങ്ങനെ കാഴ്ചകൾ കണ്ടുനിൽക്കുമ്പോൾ അങ്ങുദൂരെ പൊരുതൽമല തെളിഞ്ഞുനിൽക്കുന്നുണ്ടാവും. പാർശ്ശ്വങ്ങളിലൂടെ വെള്ളിക്കൊലുസുപോലെ താഴേക്ക്‌ നീണ്ടുപോകുന്ന നീർച്ചാലുകൾ കാണാം. ഈ കുത്തിയൊലിച്ചുവരുന്ന മലവെള്ളം അവിടുന്നായിരിക്കുമോ ?


ഉമ്മാന്റെ കയ്യും പിടിച്ച്‌ വീട്ടിലേക്ക്‌ നടക്കുമ്പോൾ മനസ്സിൽ ഒരേയൊരു പ്രാർത്ഥന ഇതായിരിക്കും. " ഈ അവധിക്കാലം ഒരിക്കലും വിടപറയാതിരുന്നെങ്കിൽ " ! frown emoticon

4 comments:

  1. മധുരോര്‍മ്മകള്‍!!!!!!!!!

    ReplyDelete
    Replies
    1. കുട്ടിക്കാലത്തെ അനുഭവങ്ങളില്‍ ചെറിയൊരു ഓര്‍മ്മ വെച്ച് എഴുതിയതാണ്‌. എഴുത്തിന്റെ ശരാശരി നിലവാരംപോലും ഇല്ല എന്നു തന്നെയാണ്‌ എനിക്ക് തോന്നുന്നത്. എന്നിരുന്നാലും ഭാവി എഴുത്തിലേക്കുള്ള ഒരു പ്രേരണ ഇതു മൂലം ഉണ്ടാവുന്നു എന്നുള്ളത് സന്തോഷകരമായ കാര്യമാണ്‌. വായിച്ച് ആദ്യ അഭിപ്രായം പറഞ്ഞ ഗുരു തുല്യനായ അജിത്തേട്ടനോട് സ്നേഹത്തോടെ ഒരുപാട് നന്ദി <3

      Delete
  2. കുട്ടിക്കാലത്തെ ഓർമകളൊക്കെ ചികഞ്ഞുനോക്കാൻ ഒരു രസണ്ടല്ലേ .നന്നായി .ആശംസകൾ .

    ReplyDelete
    Replies
    1. ചെറിയൊരു പരീക്ഷണം നടത്തി എന്ന് മാത്രം. വായിച്ച് അഭിപ്രായം പറഞ്ഞതിന്‌ ഒരുപാട് നന്ദി സ്വാതി പ്രഭ. :)

      Delete